സിദ്ധിഖിനെതിരെ അറസ്റ്റ് ഉണ്ടാവുമോ ? മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ലൈം​ഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ഇതാണ് ഹൈക്കോടതി ഇപ്പോൾ  തള്ളിയത്.

തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്‍റെ ആവശ്യം. മാത്രമല്ല  വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. സിദ്ദിഖിന് മുൻകൂർ ജാമ്യം നിഷേധിച്ചത് ആശ്വാസകരമാണെന്നും കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക അഡ്വ. സന്ധ്യ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. പരാതിക്കാരി അത്രയും അനുഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ പല പ്രാവശ്യം പറയാൻ ശ്രമിച്ചെങ്കിലും ഭയന്നതിനാൽ പോലീസിൽ പരാതി നൽകാൻ കഴിഞ്ഞില്ല. പോലീസ് രജിസ്റ്റർ ചെയ്ത കേസ് ശക്തമായി മുൻപോട്ടു കൊണ്ടുപോകാൻ കഴിയുന്നതിൽ ആശ്വാസമുണ്ടെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം. എന്നാൽ ഇപ്പോൾ സിദ്ദിഖ് തന്റെ വീട്ടിൽ ഇല്ല എന്നാണ് പുറത്തുവരുന്ന വാർത്തകൾ .  ഫോണും സ്വിച്ച് ഓഫ് ആണ് .  ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായുള്ള തുടര്‍ നടപടികളിലേക്ക് അന്വേഷണ സംഘം വേഗത്തിൽ നീങ്ങിയേക്കും.

കേസിൽ ഹൈക്കോടതി ഉത്തരവ് ലഭിച്ചശേഷമയായിരിക്കും തുടര്‍ നടപടിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.  വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു.

അതേസമയം, സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖിനെതിരായ തെളിവുകള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. യുവനടിയാണ് പരാതി സിദ്ദീഖിനെതിരെ നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. മാതാപിതാകൾക്കും ഒരു സുഹൃത്തിനും ഒപ്പമാണ് പരാതിക്കാരി ഹോട്ടലിൽ എത്തിയത്. നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്നും പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽനിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു നടിയുടെ ആരോപണം.

2019ൽ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയിൽനിന്നു മാറ്റിനിർത്തിയതിനാൽ ഇപ്പോൾ ഒന്നും നഷ്ട‌പ്പെടാനില്ലാത്തതുകൊണ്ടാണ് സധൈര്യം തുറന്നുപറയുന്നതെന്നും നടി വ്യക്തമാക്കിയിരുന്നു. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്. സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. നടനെതിരെ സാക്ഷിമൊഴികൾ ലഭിച്ചെന്ന് പൊലീസും  അറിയിച്ചു.

സംഭവത്തിനുശേഷം നടി ചികിത്സ തേടിയതിനും തെളിവുകൾ ഉണ്ട്. മാനസിക സംഘർഷത്തിനും യുവതി ചികിത്സ തേടിയതിന് തെളിവ് ലഭിച്ചതായാണ് വിവരം. സംഭവം നടന്ന മാസ്‌ക്കറ്റ് ഹോട്ടലിൽ സിദ്ദിഖ് താമസിച്ചതിന്റെ തെളിവുകൾ നേരത്തെ കണ്ടെത്തിയിരുന്നു. മാസ്ക്കറ്റ് ഹോട്ടലിലെ രേഖകൾ ആയിരുന്നു ഇതിന് തെളിവ്. സംഭവ ദിവസമാണ് സിദ്ദിഖ് ഹോട്ടലിൽ താമസിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ (ഐപിസി 506) എന്നീ വകുപ്പുകൾ ചുമത്തി ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നാണ് മ്യൂസിയം പോലീസ് സിദ്ധിഖിനെതിരെ കേസെടുത്തത്. പിന്നീട് കേസ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. ഏതായാലും ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ധിഖിനെതിരെ കുരുക്ക് മുറുകുകയാണ്. ജാമ്യം നിരസിച്ചതോടെ അന്വേഷണ സംഘം അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റ് ഒഴിവാക്കാൻ സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചേക്കും.