
നടി ഹണി റോസിൻ്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി വിലയിരുത്തുന്ന ‘റേച്ചൽ’ എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ വിനയൻ. ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ചടങ്ങിലാണ്, താൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച സിനിമയാണ് ‘റേച്ചൽ’ എന്നും, വലിയ വിജയമാകട്ടെ എന്നും വിനയൻ ആശംസിച്ചത്.
വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ (2005) എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
വിനയൻ്റെ വാക്കുകൾ ഇങ്ങനെ: “റേച്ചൽ എന്നെ പ്രതീക്ഷിച്ചതിനേക്കാളുമൊക്കെ ഞെട്ടിച്ചു കളഞ്ഞു. ഹണി ആ കഥാപാത്രം നന്നായി ചെയ്തിട്ടുണ്ട്. വളരെ സീരിയസ് ആയിട്ടുള്ള ചിത്രമാണിത്. വളരെ പ്രയാസപ്പെട്ട്, സ്ട്രഗിൾ ചെയ്ത് ഇറക്കുന്നൊരു പടമാണിത്. ഇങ്ങനെ കഷ്ടപ്പെട്ട് ഇറക്കുന്ന സിനിമകൾ ഭാവിയിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. എനിക്കറിയാം അത്. ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്ത അണിയറപ്രവർത്തകരെ ഞാൻ അഭിനന്ദിക്കുകയാണ്.”
ഹണി റോസിൻ്റെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ഓർമ്മകളും വിനയൻ പങ്കുവെച്ചു. “2002-ലോ 2003-ലോ ആണ് പൃഥ്വിരാജിൻ്റെ ‘മീരയുടെ ദുഃഖവും മുത്തുവിൻ്റെ സ്വപ്നവും’ എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ഹണി റോസ് എന്നെ വന്നു കാണുന്നത്. മകളെ നായികയാക്കണം എന്നായിരുന്നു അച്ഛൻ്റെ ആഗ്രഹം. ‘അവൾ കുറച്ചുകൂടി വലുതാകട്ടെ’ എന്ന് ഞാൻ പറഞ്ഞു. രണ്ട് മൂന്ന് വർഷം കഴിഞ്ഞ്, പുതിയ ആൾക്കാരെ വെച്ച് ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രം ചെയ്യുമ്പോൾ ഹണിയുടെ അച്ഛൻ വീണ്ടും വരികയും ഒടുവിൽ ഹണി സിനിമയുടെ ഭാഗമാവുകയും ചെയ്തു.”
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ 10 സിനിമ ചെയ്താൽ കിട്ടുന്നതിലും കൂടുതൽ പണം ഹണി റോസ് ഒരു വർഷം ഉദ്ഘാടനങ്ങളിലൂടെ സമ്പാദിക്കുന്നുണ്ട് എന്നും വിനയൻ കൂട്ടിച്ചേർത്തു.
ഹണി റോസ് ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ‘റേച്ചൽ’ ഡിസംബർ 6-ന് തിയറ്ററുകളിൽ എത്തും.











