
നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന് പിറന്നാൾ ആശംസകളുമായി സംവിധായകൻ എസ്.എസ്. രാജമൗലി. പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ആശംസാക്കുറിപ്പാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ വൈറലാകുന്നത്. “ഇന്ന് നിങ്ങൾക്കുള്ളിലെ കുംഭയെ ഉണർത്താൻ ഉദ്ദേശിക്കുന്നില്ല” എന്ന രസകരമായ പരാമർശത്തോടെയാണ് രാജമൗലി ആശംസകൾ നേർന്നിരിക്കുന്നത്.
രാജമൗലി-മഹേഷ് ബാബു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘വാരണാസി’യിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ സൂചിപ്പിച്ചുകൊണ്ടാണ് രാജമൗലിയുടെ ഈ പ്രത്യേക പരാമർശം. ചിത്രത്തിൽ ‘കുംഭ’ എന്ന ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നതെന്ന സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. താരത്തിന്റെ പിറന്നാൾ ദിനത്തിൽ സിനിമാ ലോകത്തുനിന്നും നിരവധി പ്രമുഖരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
പാൻ ഇന്ത്യൻ തലത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കഥാപാത്രവും വലിയ ചർച്ചയായിരുന്നു. രാജമൗലിയുടെ ഈ ജന്മദിനാശംസ കൂടി പുറത്തുവന്നതോടെ ‘വാരണാസി’ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആവേശം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.












