
നടിയും യുവ സംവിധായകയുമായ ഷാലിൻ സോയ തൻ്റെ വ്യക്തിത്വത്തെക്കുറിച്ചും മര്യാദ എന്ന കാഴ്ചപ്പാടിനെക്കുറിച്ചും തുറന്നു സംസാരിച്ച അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തനിക്ക് “മര്യാദയില്ല” എന്ന് ചിലർ പറയുന്നതിനോട് പ്രതികരിച്ചുകൊണ്ടാണ് ഷാലിൻ്റെ വാക്കുകൾ ശ്രദ്ധ നേടിയത്.
സിനിമയിലും ടെലിവിഷൻ രംഗത്തും തൻ്റേതായ സ്ഥാനം ഉറപ്പിച്ച ഷാലിൻ, ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ മനപ്പൂർവ്വം മര്യാദ ഇല്ലാത്ത രീതിയിൽ പെരുമാറുന്ന ആളല്ലെന്നും, എന്നാൽ ഫേക്കായി മര്യാദ കാണിക്കാൻ തനിക്കറിയില്ലെന്നും താരം പറയുന്നു.
തമിഴ്നാട്ടിൽ പൊതുവെ “സാർ”, “മാഡം” എന്ന് ആളുകളെ അഭിസംബോധന ചെയ്യുന്നത് പതിവാണെന്നും, എന്നാൽ കേരളത്തിൽ ആർക്കും അങ്ങനെയൊരു ശീലമില്ലെന്നും ഷാലിൻ ചൂണ്ടിക്കാട്ടി. “മമ്മൂട്ടി സാർ”, “മോഹൻലാൽ സാർ” എന്ന് തമിഴർ വിളിക്കുമ്പോൾ, മലയാളികൾ “മമ്മൂട്ടി”, “മോഹൻലാൽ” എന്ന് മാത്രമാണ് പറയുന്നതെന്നും ഇത് കേരളീയരുടെ പൊതു സ്വഭാവമാണെന്നും ഷാലിൻ വിശദീകരിച്ചു.
‘കുക്ക് വിത്ത് കോമാളി’ പോലുള്ള ഷോകളിലൂടെ തമിഴ്നാട്ടിലും വലിയ ജനപ്രീതി നേടിയ ഷാലിൻ സോയ നിലവിൽ ഒരു പുതിയ സിനിമയുടെ പണിപ്പുരയിലാണ്. തുറന്നുപറച്ചിലുകൾക്ക് മടിയില്ലാത്ത ഷാലിൻ്റെ ഈ വാക്കുകൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.











