ഓം പ്രകാശിനെ എനിക്ക് അറിയില്ല, ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ല, ഗൂഗിളിൽ തിരഞ്ഞാണ് വിവരങ്ങള്‍ അറിഞ്ഞത് , തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് ; പ്രയാഗ

ലഹരിക്കേസ് വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി നടി പ്രയാഗ മാര്‍ട്ടിന്‍. ഗുണ്ടാ നേതാവായ ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്നാണ് പ്രയാഗ മാര്‍ട്ടിന്‍ പറയുന്നത്. ഹോട്ടലിലെത്തിയത് സുഹൃത്തുക്കളുടെ കൂടെയാണ് എന്നും ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറയുന്നു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രയാഗയുടെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ഗുണ്ടാ നേതാവ് ഓം പ്രകാശിനേയും സുഹൃത്തിനേയും ലഹരിക്കേസില്‍ പൊലീസ് പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കാണാനായി താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയതായി കണ്ടെത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ഇപ്പോൾ പ്രയാഗ മാര്‍ട്ടിന്‍.

“ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ല. ഓം പ്രകാശവുമായി പരിചയമില്ല. ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ കൂടെയാണ്. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നുമാണ് പ്രയാഗ മാര്‍ട്ടിന്‍ വ്യക്തമാക്കുന്നത്.  കോഴിക്കോട് നിന്ന് നാലരയ്ക്ക് എത്തി ഒരു ഉറക്കം കഴിഞ്ഞ് എണീറ്റ് ഒരു കോള്‍ എടുത്തത് ഓര്‍മ്മയേ ഉള്ളൂ. അപ്പോഴാണ് തന്റെ അടുത്ത് ഈ ഓം പ്രകാശ് എന്ന ആളെ പറ്റി ഇങ്ങനെ കേള്‍ക്കുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് മീഡിയ വിളിച്ചതെന്നും അത് എന്താണെന്ന് അറിയില്ല, തനിക്ക് പുള്ളിക്കാരനെയും അറിയില്ലയെന്നും  സോഷ്യല്‍ മീഡിയ സോഷ്യല്‍ മീഡിയയുടെതായിട്ടുള്ള കഥകള്‍ മെനഞ്ഞ് ഉണ്ടാക്കിഎടുക്കുമെന്നും അത് താന്‍ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല  എന്നാണ് പ്രയാഗ പറയുന്നത്”.

തന്റെ സുഹൃത്തുക്കളുമായിട്ട് അവരുടെ സുഹൃത്തുക്കളെ കാണാന്‍ ആണ് താന്‍ ഹോട്ടലില്‍ പോയതെന്നാണ് പ്രയാഗ പറയുന്നത്. ആ  സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെവച്ച് ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.  ഒരു ഉദ്ഘാടന ചടങ്ങ് ഉളളതിനാൽ ഏഴു മണിക്ക് തന്നെ അവിടെനിന്ന് മടങ്ങിയെന്നും പ്രയാഗ പറയുന്നു. തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണെന്നും അതിനെപ്പറ്റി മറ്റുള്ളവർ പറയുന്ന അഭിപ്രായങ്ങൾ ചെവിക്കൊള്ളാറില്ല എന്നും പ്രയാഗ പറഞ്ഞു.

രാവിലെ അഞ്ച് മണിയായി താന്‍ ഹോട്ടലിലെത്തുമ്പോള്‍. രാവിലെ എട്ടരയ്ക്കുള്ള ട്രെയ്‌നില്‍ തനിക്ക് കോഴിക്കോട് പോകേണ്ടതുണ്ടായിരുന്നുവെന്നും അതിനാല്‍ താന്‍ ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. തനിക്കൊപ്പം ആ മുറിയില്‍ നാലഞ്ചു വയസുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നുവെന്നും പ്രയാഗ പറയുന്നുണ്ട്. രണ്ടു മണിക്കൂര്‍ ഹോട്ടല്‍ മുറിയില്‍ വിശ്രമിച്ച ശേഷം ഏഴ് മണിയോടെ താന്‍ പോയെന്നും താരം പറയുന്നു. ഓം പ്രകാശിനെ താന്‍ കണ്ടിട്ടില്ലെന്നും വാര്‍ത്തകളിലൂടെയാണ് താന്‍ ഇങ്ങനൊരു സംഭവത്തെക്കുറിച്ച് അറിയുന്നതെന്നും പ്രയാഗ പറയുന്നു.

ഓം പ്രകാശിനെ ചോദിച്ച് വിളിച്ചവരില്‍ നിന്നാണ് താന്‍ അങ്ങനൊരു പേര് കേള്‍ക്കുന്നത്. തുടര്‍ന്ന് ഗൂഗിളിലും മറ്റും സര്‍ച്ച് ചെയ്താണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും താരം പറയുന്നു. അതേസമയം പൊലീസ് തന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടില്ലെന്നും വിളിച്ചാല്‍ പോകുമെന്നും താരം വ്യക്തമാക്കി. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. അതിനാല്‍ തിരുത്തേണ്ടത് തന്റെ കടമയാണെന്നും താരം പറഞ്ഞു.

ഓം പ്രകാശിനോട് താന്‍ ഹലോ പോലും പറഞ്ഞിട്ടില്ലെന്നും അങ്ങനൊരാളെ കണ്ടിട്ടില്ലെന്നും പ്രയാഗ പറയുന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ പണി ആണ്. എന്നെ പറ്റി എന്തെങ്കിലും തെറ്റായ ആരോപണങ്ങൾ ആരെങ്കിലും പറഞ്ഞു നടക്കുന്നുണ്ടെന്നുണ്ടെങ്കിൽ അത് തെറ്റാണ് എന്ന് പറയുക എന്റെ ഉത്തരവാദിത്തമാണ്. മാത്രമല്ല താൻ കുറച്ചു നാളായി ഒരു ബ്രെയ്ക്ക്‌  എടുത്തിരിക്കുകയായിരുന്നുവെന്നും  ഇനി ജോലിയിലേക്ക് തിരിച്ചു വരാം എന്ന് തീരുമാനിച്ചുവെന്നും അതിനു മുന്നോടി ആയിട്ടാണ് എന്റെ ആരോഗ്യവും ശരീരവും ഒന്ന് ശ്രദ്ധിക്കാം എന്ന് തീരുമാനിച്ചതെന്നും കുറച്ചു നാളായി വെജിറ്റേറിയൻ ഡയറ്റും യോഗയും ചെയ്ത് വണ്ണമൊക്കെ കുറച്ചു കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ  ഞാൻ ഈ പറയുന്ന ലഹരി പദാർത്ഥങ്ങൾ ഒന്നും ഉപയോഗിക്കാറില്ലയെന്നും പ്രയാഗ പറയുന്നു.

അതേസമയം ലഹരിക്കേസില്‍ അറസ്റ്റിലായ ഗുണ്ട നേതാവ് ഓംപ്രകാശിനെ കാണാനെത്തിയവരില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഉണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ശ്രീനാഥാ ഭാസി ഇത്തരത്തിലുള്ള ആരോപണങ്ങളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ഓംപ്രകാശിന്റെ മുറിയിൽ എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതായി ഒരു പ്രമുഖ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.