
ഓൺലൈൻ ഇടങ്ങളിൽ വ്യക്തിഹത്യ നടത്തുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. തന്റെ ചിത്രത്തിന് താഴെ മോശം കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രായം കൂടിയാലും വ്യക്തിത്വ വികാസമില്ലാത്ത ഇത്തരം “തുപ്പരെയും തെറിയരെയും” നിയമത്തിന്റെ വഴിയിലൂടെ നേരിടുമെന്ന് മീനാക്ഷി മുന്നറിയിപ്പ് നൽകി.
സൈബർ ഇടങ്ങളിൽ മറഞ്ഞിരുന്ന് എന്തും പറയാമെന്ന് കരുതുന്നവർ നിയമങ്ങൾ ശക്തമാണെന്ന കാര്യം മറക്കരുതെന്ന് താരം ഓർമ്മിപ്പിച്ചു. മുൻപ് താൻ നൽകിയ സൈബർ കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും, അന്ന് കോടതിയിൽ മൊഴി നൽകേണ്ടി വന്നിട്ടുണ്ടെന്നും മീനാക്ഷി വെളിപ്പെടുത്തി. പലപ്പോഴും ഇത്തരം ക്രിമിനലുകൾ പിടിക്കപ്പെടുമ്പോഴാണ് അവരുടെ യഥാർത്ഥ മുഖം പുറത്തുവരുന്നതെന്നും അത് അവരുടെ ബന്ധുക്കൾക്ക് വലിയ ബുദ്ധിമുട്ടാകാറുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.
പല പെൺകുട്ടികളും സൈബർ കേസുകൾ നൽകിയ ശേഷം മറ്റുള്ളവർ എന്ത് കരുതും എന്ന് ഭയന്ന് അത് പിൻവലിക്കാറാണ് പതിവ്. എന്നാൽ താൻ അത്തരത്തിലൊരാളല്ലെന്നും ആത്മാഭിമാനത്തോടെ നിവർന്നുനിന്ന് പോരാടാനാണ് തനിക്ക് ഇഷ്ടമെന്നും മീനാക്ഷി വ്യക്തമാക്കി. വാവിട്ട വാക്കും കൈവിട്ട കമന്റും തിരിച്ചെടുക്കാനാവില്ലെന്ന് ഓർമ്മിച്ചുകൊണ്ട്, നല്ലൊരു ഡിജിറ്റൽ വ്യക്തിത്വമായിരിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും താരം കൂട്ടിച്ചേർത്തു.











