
മോഹൻലാൽ നായകനായ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ‘തന്മാത്ര’യുടെ ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ച് സംവിധായകൻ ബ്ലെസി. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച പുതിയ അഡ്വാൻസ്ഡ് മെമ്മറി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവെയാണ് അദ്ദേഹം സിനിമയുടെ ഓർമ്മകൾ പങ്കുവെച്ചത്.
ചിത്രത്തിൽ മകന് ഐ.എ.എസ്. ലഭിച്ചുവെന്ന് കേൾക്കുമ്പോൾ, എന്തുചെയ്യണമെന്നറിയാതെ ‘ആരാ?’ എന്ന് മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ ചോദിക്കുന്ന രംഗം താൻ കണ്ണീരോടെയാണ് എഴുതിത്തീർത്തതെന്ന് ബ്ലെസി വ്യക്തമാക്കി. മനുഷ്യനിലെ ഓർമക്ഷയത്തെയും അൽഷിമേഴ്സിനെയും അതീവ ആഴത്തിൽ അടയാളപ്പെടുത്തിയ ഈ ചിത്രം ഇനിയും പ്രേക്ഷകരുടെ മനസ്സിൽ ഒരു നോമ്പരമായി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഡിമെൻഷ്യ രോഗബാധിതരെ സഹായിക്കാനായി രാജഗിരി ആശുപത്രിയിൽ ആരംഭിച്ച അത്യാധുനിക മെമ്മറി ക്ലിനിക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അധികൃതർ വിശദീകരിച്ചു. അൽഷിമേഴ്സ് കൃത്യമായി തിരിച്ചറിയാനുള്ള പെറ്റ് സ്‌കാനിങ്, നൂതന ചികിത്സാ രീതികൾ എന്നിവയെല്ലാം ഈ ക്ലിനിക്കിലൂടെ ലഭ്യമാകും. ന്യൂറോളജി, റേഡിയോളജി ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ഡോ. പ്രദീപ് കൊറ്റം തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.












