ആരോടും മോശമായി പെരുമാറിയിട്ടില്ല ; ആരോപണങ്ങളോട് പ്രതികരിച്ച് നടൻ സുധീഷ്

ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പ്രതികരണവുമായി സുധീഷ്. ജൂനിയര്‍ ആര്‍ടിസ്റ്റായ നടിയുടെ ആരോപണത്തില്‍ വിശദമായി മറുപടി പറയും. ചില കാര്യങ്ങള്‍ തുറന്ന് പറയാനുണ്ട്. ഇപ്പോള്‍ വിശദീകരണം നല്‍കാന്‍ പരിമിതിയുണ്ട്. വൈകാതെ എല്ലാം കാര്യങ്ങളെക്കുറിച്ചും സംസാരിക്കും സുധീഷ് വിശദീകരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റാണ് നടൻ സുധീഷിനെതിരെ ആരോപണവുമായി എത്തിയത്. ഒരുമിച്ച് യാത്ര ചെയ്യാം. ടൂര്‍ പോവാം. ഭാര്യ അടുത്തുള്ളപ്പോള്‍ പതിയെ പറയാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞതെന്നാണ് ജൂനിയർ ആർട്ടിസ്റ്റായ ജുബിത നടനിൽ നിന്നുണ്ടായ മോശം അനുഭവം പങ്കിട്ട് പറഞ്ഞത്.

സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി യുവതി രം​ഗത്തെത്തിയതോടെ താരങ്ങൾക്കെതിരെ കേസ് എടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364 (A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപം നടത്തി എന്നാണ് കേസ്. ഇപ്പോഴിതാ തനിക്കെതിരെയുണ്ടായ ആരോപണത്തിൽ പ്രതികരിച്ചിരിക്കുകയാണ് സുധീഷ്. റിലീസിന് തയ്യാറായ തന്റെ പുതിയ സിനിമ പ്രതിഭ ട്യൂട്ടോറിയല്‍സിന്റെ പ്രമോഷന്റെ ഭാ​ഗമായി ഒരു യൂട്യൂബ് ചാനലിന്  നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുധീഷ്.

ഒരു കാലത്തും ആരോടും ഒരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് സുധീഷ് ആവർത്തിച്ച് പറയുന്നു. ത്ന്റെ ഒരു അഭിപ്രായത്തിൽ തന്നെ അറിയുന്നവരെല്ലാം അടുത്തിടെ നടന്ന വിഷയത്തിൽ തന്റെ കൂടെ തന്നെയുണ്ട്. ബാക്കിയുള്ള പൊതുജനങ്ങളെ കുറിച്ച് തനിക്ക് അറിയില്ല.

കാരണം തന്നെ അറിയാത്ത അല്ലെങ്കിൽ താൻ എന്താണ്, ഏതാണെന്ന് അറിയാത്ത ആളുകളുണ്ടാകാം. പക്ഷെ ഒരു വാക്ക് എങ്കിലും തന്നോട് സംസാരിച്ച് പരിചയപ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളും തന്റെ കൂടെയുണ്ട്. കാരണം താൻ എന്താണെന്ന് അവർക്കെല്ലാം അറിയാം. അതുകൊണ്ട് ആ സപ്പോർട്ട് കൂടെയുണ്ട്. പിന്നെ തനിക്കൊരു ആത്മവിശ്വാസമുണ്ടാകുമല്ലോ…. അത്  തീർച്ചയായുമുണ്ട്.

ഒരു കാലത്തും ആരോടും ഒരു വിധത്തിലും മോശമായി പെരുമാറിയിട്ടില്ല.  താൻ ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകും. അതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞാണ് സുധീഷ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമ്മിച്ച ‘പ്രതിഭ ട്യൂട്ടോറിയൽസ്’ സെപ്റ്റംബർ 6 ന് തിയേറ്ററുകളിൽ എത്തും.
സുധീഷിന് പുറമെ നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ട്രെയിലറിനും പോസ്റ്ററിനുമെല്ലം ​ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.