മമ്മൂട്ടിയെ വ്യക്തിപരമായി ഇഷ്‌ടമല്ല; അതിന്റെ ആവശ്യമില്ല ഭാഗ്യലക്ഷ്മി 

മമ്മൂട്ടിയോട് അധികം കൂട്ട് കൂടാൻ തോന്നിയിട്ടില്ല എന്ന് പറയുകയാണ് അഭിനേത്രി കൂടിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഈയൊരു കാര്യം ഭാഗ്യലക്ഷ്മി ഇപ്പോൾ പറഞ്ഞതല്ല മുൻപൊരിക്കൽ മലയാളത്തിലെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഭാഗ്യലക്ഷ്‌മി ഈക്കാര്യം വെളിപ്പെടുത്തിയത്.

ഈയൊരു വെളിപ്പെടുത്തൽ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ കൂടി ശ്രദ്ധ നേടുകയാണ്. ഇതിനു പിന്നിലുള്ള കാരണം എന്തെന്ന് നോക്കാം. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ തുറന്നു കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം ജനങ്ങൾ ആരാധിച്ചിരുന്ന പല പ്രമുഖ താരങ്ങളുടെ പേരുകളും ​ഗുരുതര ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജയസൂര്യയുടെ പേരിൽ വെളിപ്പെടുത്തലുകൾ വന്നപ്പോൾ സിനിമാപ്രേമികളെല്ലാം ഞെട്ടലോടെയാണ് അത് കേട്ടത്. ഫാമിലി മാൻ, ജെന്റിൽമാൻ ടാ​ഗുകൾ ജനങ്ങൾ നൽകിയിരുന്ന നടന്മാരിൽ ഒരാളായിരുന്നു ജയസൂര്യ. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്ത് വിടാത്ത പേജുകൾ കൂടി പുറത്ത് വന്നാൽ കൂടുതൽ വി​ഗ്രഹങ്ങൾ ഉടയുമെന്നാണ് സിനിമാപ്രേമികൾ തമാശയായി കുറിക്കുന്നത്.

എന്നാൽ ഒരു വിഭാ​ഗം ആളുകൾ നടൻ മമ്മൂട്ടിയുടെ പേരിൽ ഒരിക്കലും ഇത്തരം ലൈംഗീക ആരോപണങ്ങൾ ഉണ്ടാവില്ലെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും മറ്റും സമർത്ഥിക്കുന്നുണ്ട്. അത്തരത്തിൽ മമ്മൂട്ടിക്ക് ക്ലീൻ ഇമേജാണെന്ന് ഉറപ്പിച്ച് പറയാം  നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മിയുടെ വർഷങ്ങൾക്ക് മുമ്പ് എസിവി ചാനലിന് നൽകിയ ഈ അഭിമുഖം കേട്ടാൽ.

മമ്മൂട്ടിയോട് അധികം സൗഹൃദം പുലർത്താൻ തോന്നാതിരുന്നതിനെ കുറിച്ചാണ് ഈ വൈറൽ വീഡിയോയിൽ ഭാ​ഗ്യലക്ഷ്മി പറയുന്നത്. തന്റെ സിനിമാ ജീവിതത്തിൽ താൻ കണ്ടൊരു മമ്മൂട്ടി എന്നൊരു വ്യക്തി ഒരിക്കലും അധികം അങ്ങനെ അടുക്കില്ല. പ്രത്യേകിച്ച് സ്ത്രീകളുടെ അടുത്ത് കുറച്ച് അകലം പാലിച്ച് നിൽക്കും. എന്തൊ അത് പുള്ളിയുടെ ഒരു നേച്ചറാണ്. ഇവരുടെ അടുത്തൊക്കെ എന്തിനാണ് അധികം അടുക്കാൻ പോകുന്നത് എന്നൊരു തോന്നലായിരിക്കാം. അടുക്കില്ല. ഡബ്ബിങ് തിയേറ്ററിൽ വന്നാൽ പോലും അങ്ങനെ മമ്മൂട്ടി സ്ത്രീകളോട് സംസാരിക്കാറില്ല. അതുകൊണ്ട് നമുക്ക് അങ്ങനെ വ്യക്തിപരമായി ഒരിഷ്ടം പോലും അദ്ദേഹത്തോട് തോന്നാറില്ല. ആവശ്യമില്ലെന്ന മട്ടിലാണ് അദ്ദേഹം. നമുക്കും ആവശ്യമില്ല. അങ്ങനൊരു അകൽച്ച എപ്പോഴും ഈ നടനിൽ തനിക്കുണ്ടായിരുന്നു എന്നുമാണ് മമ്മൂട്ടിയെ പറ്റി ഭാഗ്യലക്ഷ്മി പറയുന്നത്.

തൊണ്ണൂറിൽ അദ്ദേഹത്തിന്റെ ഒരുപാട് നല്ല സിനിമകൾ വന്നിട്ടുണ്ട് എന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. ലൗഡ് സ്പീക്കർ, അരയന്നങ്ങളുടെ വീട്, വല്യേട്ടൻ, രാപ്പകൽ, കാഴ്ച, കറുത്തപക്ഷി, കഥപറയുമ്പോൾ, രാജമാണിക്യം, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് വരെ…

ഇപ്പോൾ ഈ ഇടക്കാലത്ത് എത്തി നിൽക്കുമ്പോൾ നമ്മുടെ ഉള്ളിലേക്ക് ഇങ്ങനെ കേറി കേറി വരികയാണ് മമ്മൂട്ടി  എന്നാണ് ഭാ​ഗ്യലക്ഷ്മി  ആ വീഡിയോയിൽ അന്ന് പറഞ്ഞത്. ഏതായാലും ഈയൊരു വീഡിയോ സോഷ്യൽ മീഡിയ പേജുകളിൽ വൈറലായതോടെ മമ്മൂട്ടിയുടെ ആരാധകർ കമന്റുകളുമായി എത്തിയിട്ടുണ്ട്.

നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതേസമയം  ജയസൂര്യയെ കൂടാതെ ലൈം​ഗീക ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത് നടന്മാരായ മുകേഷ്, സിദ്ദീഖ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ബാബുരാജ്, റിയാസ് ഖാൻ, സുധീഷ്, സുരാജ് വെഞ്ഞാറമൂട് സംവിധായകൻമാരായ രഞ്ജിത്ത്, തുളസീ ദാസ് തുടങ്ങിയ പ്രമുഖരാണ്. കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർക്കെതിരെയും പരാതികൾ ഉണ്ട്.

എന്നാൽ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ യുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരുടെ പേരിൽ തന്നെ ആരോപണങ്ങൾ ഉയർന്നു വന്നതിൽ പിന്നെ കഴിഞ്ഞ ദിവസം എ എം എം എയിൽ കൂട്ടരാജി നടന്നിരുന്നു. സംഘടനയുടെ കെട്ടുറപ്പ് നിലനിർത്തുക അത്യാവശ്യമെന്ന് വന്നതോടെയാണ് ഒരു ധാർമിക കാര്യമെന്ന നിലയിൽക്കൂടി രാജിക്കാര്യത്തിലേക്ക് കടക്കാമെന്ന് നേതൃത്വം തീരുമാനിച്ചത്.

മമ്മൂട്ടിയുമായി സംസാരിച്ച ശേഷം പ്രസിഡന്റ് മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആദ്യം അവതരിപ്പിച്ചത്. അതേസമയം സിനിമാ മേഖലയിൽ പ്രഗത്ഭയായ ഡബ്ബിങ് ആർട്ടിസ്റ്റാണ് അഭിനേത്രി കൂടിയായ ഭാ​ഗ്യലക്ഷ്മി. മലയാളത്തിലേയും അന്യഭാഷാ ചിത്രത്തിലേയുമൊക്കെ ഒട്ടേറെ നടിമാർക്ക് ശബ്ദമായത് ഭാഗ്യലക്ഷ്മിയാണ്.

ഭാ​ഗ്യലക്ഷ്മിയെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് ഭാഗ്യലക്ഷ്മി ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമായിരുന്നു. അധികകാലം ബി​​ഗ് ബോസിൽ നിൽക്കാൻ സാധിച്ചില്ലെങ്കിലും ഹേറ്റേഴ്സിനെ ആരാധകരാക്കി മാറ്റാൻ കുറഞ്ഞ കാലയളവിൽ ഭാ​ഗ്യലക്ഷ്മിക്ക് കഴിഞ്ഞിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റും അഭിനേത്രിയുമെല്ലാമാണെങ്കിലും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഇടപെട്ട് തന്റേതായ അഭിപ്രായം പറയാൻ ഭാ​ഗ്യലക്ഷ്മി മടി കാണിക്കാറില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചതും ഏറെ  ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും ശുദ്ധി കലശം അനിവാര്യമാണെന്നും ഓരോ മേഖലയിലും ഇത്തരത്തിലുള്ള കമ്മിറ്റികൾ രൂപീകരിച്ചാൽ ഇതിന്റെ ഇരട്ടി വെളിപ്പെടുത്തലുകളുമായി സ്ത്രീ​കൾ രം​ഗത്തെത്തുമെന്നും ഭാ​ഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.