
അഭിനേതാവ് എന്നതിലുപരി കാസ്റ്റിങ് ഡയറക്ടർ എന്ന നിലയിലും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഗണപതി. ‘ധൂമകേതു’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പ്രധാന നടനായി എത്തുമ്പോൾ, തന്റെ പുതിയ സിനിമയെക്കുറിച്ചും കാസ്റ്റിങ് രംഗത്തെ വ്യത്യസ്തമായ അനുഭവങ്ങളെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ് താരം. വിദേശ സിനിമകളിലും മറ്റ് ഇന്ത്യൻ സിനിമകളിലും ബാലതാരങ്ങളെ കണ്ടെത്തി കൃത്യമായ പരിശീലനം നൽകി കഥാപാത്രങ്ങളാക്കി മാറ്റുന്നത് കാണുമ്പോൾ എപ്പോഴും അമ്പരപ്പ് തോന്നാറുണ്ടെന്ന് ഗണപതി പറയുന്നു.
സഹോദരൻ ചിദംബരം സംവിധാനം ചെയ്ത ‘ജാൻ എ മൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സഹരചയിതാവും (Co-writer) അഭിനേതാവും ആയതോടെയാണ് ഗണപതി അവിചാരിതമായി കാസ്റ്റിങ് രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ‘മഞ്ഞുമ്മൽ ബോയ്സ്’, ‘ബാലൻ’ തുടങ്ങിയ വൻ വിജയ ചിത്രങ്ങളുടെ കാസ്റ്റിങ് നിർവ്വഹിച്ച താരം വലിയ പ്രേക്ഷക ശ്രദ്ധ നേടി. ആയിരക്കണക്കിന് ആളുകളെ ഓഡിഷൻ ചെയ്ത് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നത് വലിയൊരു വെല്ലുവിളിയാണെന്നും, വെറുതെ കുറച്ചുപേരെ കാസ്റ്റ് ചെയ്യുന്നതിനേക്കാൾ പുതിയ കഴിവുകളെ മലയാള സിനിമയ്ക്ക് ഗുണം ചെയ്യുന്ന രീതിയിൽ അവതരിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ടെന്നും, അതിനായി ഒരു വർഷത്തോളം മറ്റു തിരക്കുകൾ മാറ്റിവെച്ച് സമയം കണ്ടെത്തേണ്ടതുണ്ടെന്നും ഗണപതി കൂട്ടിച്ചേർത്തു. ‘ബാലൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് താൻ ‘ധൂമകേതു’വിന്റെ കഥ കേൾക്കുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തിനായി ശാരീരികമായി മാറ്റങ്ങൾ വരുത്തുകയും വണ്ണം കൂട്ടിയും കട്ടിമീശ വെച്ചും നാട്ടിൻപുറത്തുകാരന്റെ ലുക്കിലുമാണ് വേഷമിട്ടിരിക്കുന്നത്. അടുത്തതായി പുറത്തിറങ്ങാനുള്ള ‘അവറാച്ചൻ ആൻഡ് സൺസ്’, ‘അഭ്യാസം’ എന്നീ ചിത്രങ്ങളുടെ ആവേശത്തിലാണ് താരം.












