ദുൽഖർ സൽമാൻ നായകനായ പുതിയ പാൻ-ഇന്ത്യൻ ചിത്രം ‘ആകാശത്ത് ഒരു താരത്തിന്റെ’ (Aakasamlo Oka Tara) ഹൈദരാബാദിൽ നടന്ന പ്രീ-റീലീസ് ചടങ്ങിൽ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ നടത്തിയ പ്രസംഗം സിനിമാപ്രേമികൾക്കിടയിൽ വലിയ തരംഗമായി മാറിയിരിക്കുന്നു. ചിത്രത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത അദ്ദേഹം, ദുൽഖറിന്റെ അഭിനയ മികവിനെയും വിനീതമായ വ്യക്തിത്വത്തെയും പാൻ-ഇന്ത്യൻ തലത്തിലുള്ള വളർച്ചയെയും വേദിയിൽ വന്ന് വാഴ്ത്തി. ദുൽഖറിന്റെ കരിയറിലെ തെരഞ്ഞെടുപ്പുകളെയും ചിത്രങ്ങളെയും താൻ ഏറെ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് ദുൽഖർ സൽമാനെ വ്യക്തിപരമായി ഏറെ ഇഷ്ടമാണെന്നും, അദ്ദേഹത്തിന്റെ ഓരോ സിനിമകളും താൻ കൗതുകത്തോടെ കാണാറുണ്ടെന്നും അല്ലു അർജുൻ വ്യക്തമാക്കി. ‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്കിലും തമിഴിലുമെല്ലാം തന്റേതായ വലിയൊരു ഫാൻസ് ബേസ് സൃഷ്ടിക്കാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ടെന്നും, ഒരു സൂപ്പർസ്റ്റാറിന്റെ ജാഡകളില്ലാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന അപൂർവ്വ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും താരം പറഞ്ഞു. പവൻ സാദിനേനി സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ഡ്രാമ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് തിയറ്ററുകളിലെത്തുന്നത്.
