മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ അകാലവിയോഗത്തിൽ വികാരാധീനനായി സംവിധായകൻ തരുൺ മൂർത്തി പങ്കുവെച്ച കുറിപ്പ് സിനിമാലോകത്ത് കണ്ണീരണിയിക്കുന്നു. മോഹൻലാൽ ചിത്രമായ ‘തുടരും’, വരാനിരിക്കുന്ന ‘അതിമനോഹരം’ എന്നീ ചിത്രങ്ങളിൽ തനിക്കൊപ്പം പ്രവർത്തിച്ച ഷാജികുമാർ വെറുമൊരു കാമറമാൻ മാത്രമായിരുന്നില്ലെന്നും, മറിച്ച് സഹോദരതുല്യനായ ഉറ്റവനും വഴികാട്ടിയുമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ഷാജികുമാറിനൊപ്പമുള്ള അവസാന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുൺ തന്റെ ആഴത്തിലുള്ള വേദന പ്രകടിപ്പിച്ചത്.
സിനിമ സെറ്റിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഷാജി കുമാറിന്റെ അന്ത്യം. ‘പുലിമുരുകൻ’, ‘നരൻ’, ‘ഒടിയൻ’ തുടങ്ങി അമ്പതിലേറെ ചിത്രങ്ങളിലൂടെ മലയാള സിനിമാരംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് വലിയൊരു ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. ‘അതിമനോഹരം’ എന്ന പുതിയ ചിത്രത്തിലൂടെ ഷാജി കുമാർ സമ്മാനിച്ച മികവ് ലോകം തിരിച്ചറിയുമെന്ന് വ്യക്തമാക്കിയ തരുൺ മൂർത്തി, അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചു.
