എനിക്കതിൽ നല്ല പേടിയുണ്ടായിരുന്നു, എന്നാൽ ഇച്ചാക്കയ്ക്ക് അങ്ങനൊന്നില്ലായിരുന്നു!തന്റെയും, മമ്മൂട്ടിയുടേയും സുന്നത്ത് കല്യാണത്തിന്റെ വിശേഷങ്ങളുമായി;ഇബ്രാഹിം കുട്ടി

പഴയ ഷേവിങ്ങ് കത്തി പോലൊരു പ്രത്യേക കത്തി കൊണ്ടാണ് ചെയ്യുന്നത്. പക്ഷേ രാവിലെയായപ്പോഴെക്കും എനിക്ക് പേടിയായി

മമ്മൂട്ടിയുടെയും,തന്റെയും സുന്നത്ത് കല്യാണം നടത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടിയുടെ സഹോദരനും, നടനുമായ ഇബ്രാഹിം കുട്ടി. യു ട്യൂബ് ചാനൽ വഴിയാണ് നടൻ ഈ കാര്യം വെളിപ്പെടുത്തുന്നത്. ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു സുന്നത്ത് കല്യാണം. എന്റെയും ,ഇച്ചാക്കയുടെയും സുന്നത്ത് ഒരുമിച്ചായിരുന്നു നടന്നത്.ഇപ്പോള്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ ജാതിമതഭേതമില്ലാതെ ആളുകള്‍ കുട്ടികളുടെ സുന്നത്ത് ചെയ്യാറുണ്ട്. എപ്പോഴും ഹൈജീനിക് ആയിരിക്കുക എന്ന് കരുതിയാണ് അങ്ങനെ ചെയ്യുന്നത്, എന്നാൽ അന്ന് ഇന്നത്തെ പോലെ ആശുപത്രിയിലൊന്നും പോകാറില്ല.

അന്ന് സുന്നത്ത് കല്യാണമെന്ന് പറയുന്നത് വലിയ ആഘോഷമാണ്. പ്രത്യേകിച്ച് തറവാട് വീടുകളില്‍.അത്യാവശ്യം കൃഷിയും കച്ചവടവുമുള്ള വീടുകളില്‍ നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ച് അത്യാവശ്യം ആഘോഷമായിട്ടാണ് സുന്നത്ത് കല്യാണം നടത്തുന്നത്. ഇതിന് വിധേയരാവുന്ന ആളുകളാണ് അവിടുത്തെ ഹീറോസ്. നമുക്കതിന്റെ ജാഡ ഉണ്ടാവും. അന്നൊക്കെ സുന്നത്ത് ചെയ്ത ശേഷം പള്ളിയില്‍ ധൈര്യമായി പോകാം. ഇന്ന് എല്ലാ കുട്ടികളും പോകും.

മുറിവ് ഉണങ്ങി കഴിഞ്ഞ ഉടനെ പള്ളിയില്‍ പോവുകയാണ് ആദ്യം ചെയ്യേണ്ടത്. കര്‍മ്മം ചെയ്യുന്നതിന്റെ തലേന്ന് വീട്ടില്‍ നെയ്‌ച്ചോറും ,തേങ്ങച്ചോറും തുടങ്ങി നിരവധി വിഭവങ്ങളുണ്ടായിരിക്കും. ഒസാനാണ് ഈ ചടങ്ങിന് വരിക. പഴയ ഷേവിങ്ങ് കത്തി പോലൊരു പ്രത്യേക കത്തി കൊണ്ടാണ് ചെയ്യുന്നത്. പക്ഷേ രാവിലെയായപ്പോഴെക്കും എനിക്ക് പേടിയായി. കാരണം എല്ലാവരും രാവിലെ എത്തി പ്രാര്‍ഥന ചെല്ലും. ഇത് കേട്ടതോടെ എനിക്ക് പേടി തുടങ്ങി. ഇച്ചാക്കയ്ക്ക് യാതൊരു കുഴപ്പവും തോന്നിയില്ല. അദ്ദേഹം ധൈര്യത്തോടെ നിന്നു, ആദ്യം അദ്ദേഹത്തിന്റെ ആയിരുന്നു ചെയ്യ്തത്.അവിടുത്തെ ബഹളവും കരച്ചിലുമൊക്കെ കേട്ടതോടെ പ്രാണന്‍ എടുക്കുന്ന വേദന പോലെയായി. ഞാന്‍ അവിടെ നിന്നും മുങ്ങി. എല്ലാവരും എന്നെ തപ്പാന്‍ തുടങ്ങി.ഒടുവില്‍ എന്നെ പിടിച്ചോണ്ട് വന്ന് മുണ്ട് വലിച്ചെറിഞ്ഞു. മാമയും ഓസാനുമൊക്കെ ചേര്‍ന്ന് വട്ടം പിടിച്ച് ഒറ്റ മുറിക്കല്‍. ഞാന്‍ അലറി വിളിച്ച് കരഞ്ഞു. പള്ളിയില്‍ പോയപ്പോള്‍ ഇച്ചാക്ക നിസ്‌കരിക്കുമെങ്കിലും തനിക്ക് അതൊന്നും അറിയില്ലായിരുന്നു. പിന്നീട് ഓരോരുത്തര്‍ കാണിച്ച് തന്നാണ് ഞാൻ പഠിച്ചത് ഇബ്രാഹിം കുട്ടി പറഞ്ഞു.