
ഇറാൻ വംശജയായ ബോളിവുഡ് നടി എൽനാസ് നൊറൂസിക്ക് സ്വന്തം ജന്മനാട്ടിലേക്ക് മടങ്ങുന്നതിന് ഇറാൻ ഭരണകൂടം വിലക്കേർപ്പെടുത്തി. ഇറാനിലെ നിലവിലെ അവസ്ഥ ഭയാനകമാണെന്നും അവിടേക്ക് മടങ്ങുന്നത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്നും താരം വെളിപ്പെടുത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മരണവാർത്തയിൽ സന്തോഷം പ്രകടിപ്പിച്ചും ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചും താരം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് പ്രവേശന വിലക്ക് കടുപ്പിച്ചത്.
ഇറാനിലെ ജനതയെയും അവിടുത്തെ ഭരണകൂടത്തെയും ഒരേ കണ്ണിലൂടെ കാണരുതെന്ന് എൽനാസ് അഭ്യർത്ഥിച്ചു. ഇറാനിലെ ജനങ്ങൾ ഭൂരിഭാഗവും വിദ്യാസമ്പന്നരാണെന്നും അവർ ആഗ്രഹിക്കുന്നത് ജനാധിപത്യമാണെന്നും നടി പറഞ്ഞു. മതം ആയുധമാക്കി ജനങ്ങളെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. 47 വർഷമായി ഇറാൻ ജനത കാത്തിരുന്ന വാർത്തയാണ് ഖമേനിയുടെ മരണമെന്നും, എന്നാൽ നിലവിലെ സർക്കാർ അധികാരത്തിൽ ഉള്ളിടത്തോളം തനിക്ക് അങ്ങോട്ടേക്ക് തിരിച്ചുപോകാൻ കഴിയില്ലെന്നും താരം വ്യക്തമാക്കി.
നേരത്തെ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് എൽനാസ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ‘എന്റെ ശരീരം എന്റെ ചോയ്‌സ്’ എന്ന പ്രഖ്യാപനത്തോടെയാണ് അന്ന് താരം പ്രതിഷേധിച്ചത്. ഇറാനിലെ മോറാലിറ്റി പോലീസിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും താരം മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് പോകുന്ന താരം, ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ ശബ്ദമുയർത്തുന്നത് തുടരുകയാണ്.











