
മലയാളികൾക്ക് സുപരിചിതയായ ഗായിക അഭിരാമി സുരേഷ് വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പങ്കുവെച്ച വേറിട്ട കാഴ്ചപ്പാടുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിവാഹം കഴിക്കുകയാണെങ്കിൽ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്ത സാഹചര്യം വന്നാൽ ഡിവോഴ്സ് ചെയ്യാനുള്ള സാമ്പത്തിക ഭദ്രത കൂടി ഉണ്ടായതിന് ശേഷം മാത്രമേ അതിന് മുതിരുകയുള്ളൂവെന്ന് താരം വ്യക്തമാക്കി. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
താൻ വിവാഹം കഴിക്കാത്തതിന് പിന്നിൽ പ്രധാനമായും സഹോദരി അമൃത സുരേഷിന്റെ വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങളാണെന്ന് അഭിരാമി വെളിപ്പെടുത്തി. ആ വിവാഹം മൂലം സഹോദരിക്ക് മാത്രമല്ല, തനിക്കും തന്റെ കുടുംബത്തിനും വലിയ മാനസികാഘാതങ്ങൾ (Trauma) ഉണ്ടായിട്ടുണ്ട്. 12 വയസ്സു മുതൽ താൻ അനുഭവിച്ച ഈ പ്രശ്നങ്ങൾ കാരണം ആളുകളെ വിശ്വസിക്കാൻ പ്രയാസമാണെന്നും (Trust issues), എത്ര നല്ല മനുഷ്യരെ കണ്ടാലും തനിക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. ഈ വ്യക്തിപരമായ പ്രശ്നങ്ങൾ തന്റെ കരിയറിനെയും ഒരു കാലത്ത് ബാധിച്ചിരുന്നതായി അഭിരാമി പറഞ്ഞു.
വിവാഹത്തോട് തനിക്ക് എതിർപ്പില്ലെന്നും എന്നെങ്കിലും വിവാഹിതയാകണമെന്ന് ആഗ്രഹമുണ്ടെന്നും പറഞ്ഞ താരം, എന്നാൽ ഇപ്പോൾ അതൊരു ഫോബിയ പോലെയാണെന്ന് സമ്മതിച്ചു. അഡ്ജസ്റ്റ് ചെയ്തുകൊണ്ടുള്ള ഒരു ജീവിതത്തോട് തനിക്ക് താല്പര്യമില്ല. സ്വന്തമായി കാലിൽ നിൽക്കാനുള്ള കരുത്തും സാമ്പത്തിക സ്വാശ്രയത്വവും നേടിയതിന് ശേഷം മാത്രമേ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിക്കൂ എന്ന ഉറച്ച നിലപാടിലാണ് അഭിരാമി ഇപ്പോൾ.











