68ആം വയസ്സിൽ റോൾ മോഡലായി ഇന്ദ്രൻസ്; ഏഴാം ക്ലാസ് തുല്യത പരീക്ഷ പാസായി നടൻ ഇന്ദ്രൻസ്

എളിമകൊണ്ടും നിഷ്കളങ്കമായ ചിരി കൊണ്ടും മലയാളപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഇന്ദ്രൻസ്. കഴിഞ്ഞൊരിടക്ക് സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയിരുന്നു.

തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതിയത്. ഇപ്പോൾ നടൻ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. തന്റെ അറുപത്തിയെട്ടാം വയസിലാണ് മലയാളി താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇന്ദ്രൻസ് വെളിപ്പെടുത്തിയിട്ടുണ്ട് .

എന്നാൽ ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാ മിഷന്റെ ചട്ടപ്രകാരം ആണ് താരം അടുത്തിടെ പരീക്ഷ എഴുതിയത്. നവകേരള സദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർ പഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താം ക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും. നാലാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി കൊണ്ട്  സാക്ഷരതാ മിഷൻ പറഞ്ഞിരുന്നു.

ഇപ്പോള്‍ പരീക്ഷ വിജയിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ശ്രീ. ഇന്ദ്രൻസ് വിജയിച്ചു എന്നാണ് വി ശിവൻകുട്ടി സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയത്. ശ്രീ.ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങൾ എന്നും മന്ത്രി എഴുതി.

സ്‍കൂളില്‍ പോകാന്‍ പുസ്‍തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്‍കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്നും ഇന്ദ്രന്‍സ്  പറഞ്ഞിരുന്നു. എന്തായാലും വലിയ മാതൃകയായിരിക്കുകയാണ് ഈ പ്രായത്തിലും നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം കുമാരപുരം സ്‍കൂളിലാണ് ഇന്ദ്രൻസ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

അതേസമയം കഴിഞ്ഞ വർഷമാണ് ഇന്ദ്രൻസ് പത്താം ക്‌ളാസ് തുല്യത പഠനത്തിന് ചേർന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ദ്രന്‍സ് സാക്ഷരതാമിഷന്‍റെ പത്താംക്ലാസ് തുല്യതാപഠന പദ്ധതിയിലൂടെ വിദ്യാർഥിയായത്. തിരുവനന്തപുരം മെഡിക്കൽ കോളജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളാണ് അദ്ദേഹത്തിന്‍റെ പഠനകേന്ദ്രം.

വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുകയായിരുന്നുവെന്നും ആ പേടി മാറ്റാൻ കൂടിയാണ് താൻ തുല്യത പഠനത്തിന് ചേർന്നതെന്ന് താരം പറഞ്ഞിരുന്നു.

ജീവിതത്തിൽ നേരിടേണ്ടി വന്ന കുടുംബ പ്രാരാബ്ധങ്ങളെ തുടർന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് ഏഴാം ക്ലാസിൽ വെച്ച് പഠനം അവസാനിപ്പിച്ചത്. തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് വരെ പഠിച്ചത്. അന്ന് ദാരിദ്ര്യം കാരണമാണ് പഠനം അവസാനിപ്പിക്കേണ്ടി വന്നതെന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അവസരം സ്വയം സമാധാനിപ്പിക്കാനെങ്കിലും ഉപകരിക്കുമെന്നും ഇന്ദ്രന്‍സ് തുല്യത പഠനത്തിന് ചേർന്ന വേളയിൽ പറഞ്ഞിരുന്നു.

റേഷൻ പോലും കിട്ടാതെ വിഷമിച്ചിരുന്ന ആ കാലത്ത് ആൺകുട്ടികൾ അൽപം മുതിർന്നാൽ എന്തെങ്കിലുമൊക്കെ ജോലി കണ്ടെത്തണം. എന്റെ കൂടെ പഠിച്ചവർ നാലാം ക്ലാസ് കഴിഞ്ഞപ്പോഴേ ബീഡി തുറുക്കാനും കെട്ടിടം പണിക്കുമൊക്കെ പോയിത്തുടങ്ങി. ആ കാലത്ത് വീട്ടുകാർ എന്നെ തയ്യൽ പഠിക്കാൻ അയച്ചു. അത് ഉപജീവനമാർഗമായി’ എന്നായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്.

തയ്യൽ ജോലിക്കാരനായ ഇന്ദ്രൻസ് പിന്നീട് കുമാരപുരത്ത് സ്വന്തമായി ടെയിലറിങ് ഷോപ്പ് ആരംഭിക്കുകയും അതുവഴി സിനിമാക്കാർക്ക് കോസ്‌റ്റും തയ്ച്ച് നൽകി വസ്ത്രാലങ്കാരകൻ ആയി സിനിമയിലെത്തുകയുമായിരുന്നു ഇന്ദ്രൻസ്. സിനിമാ ജീവിതത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ ഒരു വളർച്ചയാണ് നടനെന്ന നിലയിൽ ഇന്ദ്രൻസിനുണ്ടായത്. കോസ്റ്റ്യൂമറായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന ഇന്ദ്രൻസ് കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് സിനിമയിൽ അരങ്ങേറുന്നത്.

ആളൊരുക്കം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.

ഹോം’ എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡിന് പ്രത്യേക പരാമര്‍ശവും ഇന്ദ്രൻസിന് ലഭിച്ചിരുന്നു. ഈ സിനിമയിലൂടെ ഇന്ദ്രൻസിന് ലഭിച്ച ജനപ്രീതി ചെറിയ അളവൊന്നുമല്ല. ഇന്ന് നടന് കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്. പേരും പ്രശസ്തിയും വന്നെങ്കിലും ഇന്ദ്രൻസെന്ന വ്യക്തിയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഒരേപോലെ തന്നെ ആരാധകരും സഹപ്രവർത്തകരും ചൂണ്ടിക്കാട്ടാറുണ്ട്.

ഒരു കാലത്ത് ജയറാം നായകനായി തിളങ്ങി നിന്ന കാലത്ത് ഇദ്ദേഹത്തിനൊപ്പം നിരവധി സിനിമകളിൽ കോമഡി വേഷങ്ങൾ ഇന്ദ്രൻസ് ചെയ്തിട്ടുണ്ട്. ഇന്ദ്രൻസിൽ നല്ലൊരു നടനുണ്ടെന്ന് അന്നേ തനിക്ക് അറിയാമായിരുന്നെന്ന് ജയറാം പറഞ്ഞിട്ടുണ്ട്. ജയറാം നായകൻ ആയെത്തിയ അപരൻ’ എന്ന സിനിമയുടെ സമയത്തെല്ലാം ഇന്ദ്രൻസ്‌ കോസ്റ്റ്യൂമറാണ്. അതിലൊക്കെ ചെറിയ വേഷങ്ങളിൽ ഇന്ദ്രൻസ് അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഭയങ്കര ആക്ടറായി വരുമെന്ന് ജയറാം പറഞ്ഞിട്ടുണ്ട്.

ജയറാമിന്റെ വാക്കുകൾ ഇങ്ങനെ; എത്രയോ സിനിമകളിൽ തങ്ങൾ ഒരുമിച്ച് അഭിനയിച്ചുണ്ട്. ആ സമയത്തും അകത്ത് വേറൊരു ആക്ടറുണ്ടെന്ന് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. നന്നായിട്ട് പുസ്തകം വായിക്കുന്ന ആളാണ്. ഇന്റലക്ച്വലായുള്ള കാര്യങ്ങളെല്ലാം മനസിലാക്കുന്ന ആളാണ് ഇന്ദ്രൻസെന്നും ജയറാം അന്ന് വ്യക്തമാക്കി. ജയറാം കരിയറിൽ തിളങ്ങി നിന്ന കാലത്ത് ഇന്ദ്രൻസ് ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിൽ ഇന്ന് ഇന്ദ്രൻസ് തിരക്കേറിയ നടനാണ്. മിനുട്ടുകൾ മാത്രമുള്ള കഥാപാത്രങ്ങൾ ചെയ്ത് മാത്രം ഇന്ദ്രൻസ് കുറേക്കാലം കോമഡി നടനായി സിനിമാ ലോകത്ത് അറിയപ്പെട്ടു. ജഗതി ശ്രീകുമാർ, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയവരെല്ലാം കരിയറിൽ തിളങ്ങി നിൽക്കുന്ന കാലഘട്ടമായിരുന്നു അത്. അന്ന് ഇവരുടെ നിരയിലേക്ക് ഉയർന്നു വരാനൊന്നും ഇന്ദ്രൻസിന് കഴിഞ്ഞതുമില്ല. എന്നാൽ പിൽക്കാലത്ത് ഇവരുടെ സ്ഥാനത്തേക്ക് ഇന്ദ്രൻസ് ഉയർന്നു വരികയുണ്ടായി. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഇന്ദ്രൻസിന് തുടരെ ലഭിക്കുന്നുമുണ്ട് ഇപ്പോൾ.