
ദേശീയ പുരസ്കാരത്തിൽ നിന്നും ‘ആടുജീവിതം’ .പിന്നോട്ട് പോയതിനു പിന്നിൽ വിഎഫ്എക്സ് ഉപയോഗമാണെന്ന സംവിധായകൻ സുദീപ്തോ സെന്നിന്റെ പരാമർശം ഇപ്പോൾ വലിയ ചര്‍ച്ചയായിരിക്കുകയാണ്. സെന്നിന്റെ ഈ കമന്റിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കാൾ ലാഫ്രെനെയ്സ് നൽകിയ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ലാഫ്രെനെയ്സിന്റെ പ്രതികരണം. വിഎഫ്എക്സ് ഒരു സിനിമയുടെ ഗുണനിലവാരം കുറയ്ക്കുന്ന ഘടകമല്ലെന്നും, മറിച്ച് ലോക സിനിമയിലെ നിരവധി കൃതികൾ വിഎഫ്എക്സ് ഉപയോഗത്തിലൂടെയാണ് ഉയർന്നുനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“‘ബ്ലേഡ് റണ്ണർ 2049’ മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്കർ നേടി. ‘ലൈഫ് ഓഫ് പൈ’, ‘ഗ്രാവിറ്റി’, ‘ഡ്യൂൺ’ തുടങ്ങിയ ചിത്രങ്ങളും അതേ വിഭാഗത്തിൽ അവാർഡ് നേടിയവയാണ്. വിഎഫ്എക്സ് ഒരു അയോഗ്യതാ ഘടകമായിരുന്നെങ്കിൽ ലോക സിനിമയിലെ പകുതി ദൃശ്യ നേട്ടങ്ങളും ഉണ്ടാകുമായിരുന്നില്ല,” എന്നാണ് ലാഫ്രെനെയ്സിന്റെ വാക്കുകൾ.
ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിത’ത്തെ മറികടന്ന് സുദീപ്തോ സെന്നിന്റെ ‘ദ് കേരള സ്റ്റോറി’യ്ക്കാണ് മികച്ച ചിത്രത്തിനും ഛായാഗ്രഹണത്തിനും ദേശീയ പുരസ്കാരം ലഭിച്ചത്. ഈ തീരുമാനം രാജ്യവ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്.











