
അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും നര്‍മ്മം കൊണ്ടുനടന്ന ഒരു ഹാസ്യ സാമ്രാട്ട് ആയിരുന്നു നടൻ ഇന്നസെന്റ്. നിങ്ങളുടെ ഒക്കെ കാലം കഴിഞ്ഞാലും ഞാൻ ഇവിടെ തന്നെ ഉണ്ടാകുമെന്ന് ഒരിക്കല്‍ ഫിലിം അവാർഡ് സ്വീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു, എന്നാൽ ആ വാക്കുകളെ കാറ്റിൽ പറത്തി അദ്ദേഹം എല്ലാവരെയും കണ്ണീരിലാഴ്ത്തി വിട പറഞ്ഞിട്ട് രണ്ട് വർഷം പിന്നിടുകയാണ്.ഇന്നസെന്റ് എന്ന പേര് കേട്ടാല്‍ മലയാളികളുടെ മനസ്സിലേക്ക് ഓടിവരുന്നത് അദ്ദേഹത്തിന്റെ ഒട്ടേറെ തമാശകളും ,ഭാവങ്ങളും ,സംഭാഷണങ്ങളുമാണ്.

അദ്ദേഹത്തിന്റെ പേരിലുള്ള നിഷ്‍കളങ്കത സിനിമക്ക് പുറത്തെ തന്റെ സംഭാഷണങ്ങളിലും ഫലിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം മലയാളികള്‍ ചിരിച്ചത് 50 വർഷങ്ങളാണ്. മാന്നാർ മത്തായിയും, കിട്ടുണ്ണിയും, കെ കെ ജോസഫും, ഡോ. പശുപതിയും സ്വാമി നാഥനും തുടങ്ങി അദ്ദേഹം സ്ക്രീനില്‍ മനോഹരമാക്കിയ ഓരോ കഥാപാത്രവും ഇന്നസെന്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുടെ മനസ്സില്‍ വന്നലയടിക്കുമായിരുന്നു.കോടമ്പാക്കത്തെ കണ്ണീരും, കയ്പും നിറഞ്ഞ കാലം താണ്ടിയാണ് ഇന്നസെന്റ് എന്ന വ്യക്തി സിനിമയിലേക്ക് എത്തുന്നത്. 1972ല്‍ നൃത്തശാല എന്ന ചിത്രത്തില്‍ പത്രക്കാരന്റെ വേഷം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ബിഗ്‌സ്‌ക്രീനിലേക്ക് എത്തിയത്.

സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായിരുന്നു. മമ്മൂട്ടി, മോഹൻലാല്‍, ദിലീപ്, ജയറാം, സുരേഷ് ഗോപി തുടങ്ങി മുൻനിര താരങ്ങള്‍ക്കൊപ്പം സുഹൃത്തായും സഹോദരനായും അച്ഛനായും എല്ലാം ഇന്നസെന്റ് തിളങ്ങി.അവതരിപ്പിച്ച കഥാപാത്രങ്ങളെപ്പോലെ ജീവിതത്തിലും നര്‍മ്മം കൊണ്ടുനടന്ന ആളാണ് ഇന്നസെന്റ്. അതുകൊണ്ട് തന്നെയാണ് ഏവരും പതറിപ്പോകുന്ന ഒരു രോഗത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്ന ഇന്നസെന്റ് ,ക്യാൻസർ വാർഡിലെ ചിരി, എന്ന പേരില്‍ ഒരു പുസ്തകം എഴുതിയത്. എന്നാൽ എല്ലാം അതിജീവിച്ചു അദ്ദേഹം വീണ്ടും സിനിമയിലേക്ക് എത്തി,എല്ലാ മലയാളികൾക്കും അദ്ദേഹം തന്റെ തമാശ കലർന്ന ചിരി സമ്മാനിച്ചു അദ്ദേഹം യാത്രയായി.












