
സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’വിന്റെ റിലീസിന് മുന്നോടിയായി പ്രചരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാകുന്നു. ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫറായ ചേതൻ ഡിസൂസ പങ്കുവെച്ച ചിത്രങ്ങളിൽ മലയാളി താരം സുരാജ് വെഞ്ഞാറമൂടിന്റെ രസകരമായ എൻട്രിയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന താരങ്ങൾക്കൊപ്പമുള്ള ഫോട്ടോകൾ ചേതൻ പങ്കുവെച്ച കൂട്ടത്തിൽ, നടി രമ്യ കൃഷ്ണനൊപ്പമുള്ള ചിത്രത്തിലാണ് സുരാജ് രസകരമായി എത്തിനോക്കുന്നത്. ഇരുവർക്കുമിടയിലൂടെയുള്ള സുരാജിന്റെ ഈ ‘ഗസ്റ്റ് എൻട്രി’ ഫോട്ടോകൾ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയും വൈറലാവുകയും ചെയ്തത്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’വിൽ പ്രതിനായക സ്വഭാവമുള്ള ‘ദിലീപ്’ എന്ന സുപ്രധാന വേഷത്തിലാണ് സുരാജ് എത്തുന്നത്. രജനീകാന്ത്, രമ്യാ കൃഷ്ണൻ, വിദ്യാ ബാലൻ എന്നിവർക്കൊപ്പം മികച്ചൊരു മലയാളി താരനിര തന്നെ അണിനിരക്കുന്ന ചിത്രം ഒക്ടോബർ 15-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.












