സി.ജെ റോയിക്ക് തനിക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തി ജീത്തു ജോസഫ്

അന്തരിച്ച വ്യവസായി സി.ജെ റോയിക്ക് തനിക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ജീത്തു ജോസഫ്. തന്നോട് റോയ് അക്കാര്യം സംസാരിച്ചിരുന്നെന്നും, എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റോയ് എന്നും, അദ്ദേഹത്തിന്റെ മരണം തന്നെ ഞെട്ടിച്ചുവെന്നും ജീത്തു ജോസഫ് പറയുന്നു. തന്റെ പുതിയ സിനിമയായ വലതുവശത്തെ കള്ളന്റെ പ്രസ്സ് മീറ്റിനിടെയായിരുന്നു ജീത്തുവിന്റെ പ്രതികരണം.

അതേസമയം, ബിൽഡറും കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനും ആയ ഡോ. സി.ജെ.റോയ് ജീവനൊടുക്കാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ഡയറി കുറിപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചു. മരണത്തിനു മുമ്പ് തന്നെ അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന കുറിപ്പാണ് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളിൽ തിരിച്ചടി നേരിട്ടിരുന്നുവെന്ന വിവരം കുറിപ്പിലുണ്ട്. സ്വന്തം ഓഫീസ് മുറിയിൽ ഡോക്ടർ സി.ജെ. റോയ് സ്വയം വെടിയുതിർത്ത് മരിച്ച് നാലാം ദിവസമാണ് അദ്ദേഹം ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു എന്ന വിവരം പുറത്തുവരുന്നത്.

മരണത്തിനു മുമ്പ് അദ്ദേഹം തയ്യാറാക്കി വെച്ചിരുന്ന ഒമ്പത് പേജുകൾ അടങ്ങിയ കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്. താൻ നേരിട്ടിരുന്ന പ്രതിസന്ധികളെ കുറിച്ച് ഈ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ച് തയ്യാറാക്കിയ കുറിപ്പിൽ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് നേരിട്ട തിരിച്ചടികളെ കുറിച്ച് അദ്ദേഹം വിവരിക്കുന്നുണ്ട്. പരിശോധനയുമായി ബന്ധപ്പെട്ട് നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മുന്നോട്ട് എങ്ങനെ പോകണമെന്ന നിർദ്ദേശങ്ങളും ഈ കുറിപ്പിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. തന്നെ വിശ്വസിച്ച നിക്ഷേപകരെ ഒരു ഘട്ടത്തിലും കയ്യൊഴിയരുത് എന്നും റോയ് ആവശ്യപ്പെടുന്നു. ജനുവരി 30ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും സൂചനയുണ്ട്.

അതേസമയം ഇക്കാര്യങ്ങളിൽ സ്ഥിരീകരണം വന്നിട്ടില്ല. ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓഫിസിൽ ആദായനികുതി വകുപ്പ് റെയ്ഡിനിടെ റോയിയെ സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബന്നാര്‍ഘട്ട റോഡിലെ കല്‍ക്കെരെയിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലായിരുന്നു സംസ്കാരം. ഡിഐജി വംശി കൃഷ്ണ ചുമതല വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് സി ജെ റോയ്യുടെ ആത്‍മഹത്യ കേസ് അന്വേഷിക്കുന്നത് നടത്തുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. റോയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പ്രതികരിച്ചിരുന്നു