
സൗഹൃദത്തിന്റെയും യാത്രയുടെയും നർമത്തിന്റെയും രസകരമായ മുഹൂർത്തങ്ങളുമായി എത്തിയ തെലുങ്ക് കോമഡി ചിത്രം ‘ജിഗ്രിസ്’ ഇനി മലയാളത്തിലും. ചിത്രത്തിന്റെ മലയാളം പതിപ്പ് ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു. തെലുങ്കിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം മലയാളം ഒടിടി പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യത നേടുമെന്നാണ് പ്രതീക്ഷ.
നാല് സുഹൃത്തുക്കൾ ഗോവയിലേക്ക് നടത്തുന്ന യാത്രയും അതിനിടെ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹരീഷ് റെഡ്ഡി ഉപ്പല സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക്, പ്രവീൺ, വിനയ്, പ്രശാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായ ഇവർ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് ഗോവയിലേക്ക് യാത്ര തിരിക്കുന്നത്.
യാത്രയ്ക്കായി ആവശ്യത്തിന് പണമില്ല, മൊബൈൽ ഫോണില്ല, വഴികാട്ടാൻ ജിപിഎസുമില്ല. ആകെയുള്ളത് ഒരു പഴയ മാരുതി 800 കാർ മാത്രം. പരിമിതമായ സൗകര്യങ്ങളുമായി യാത്ര പുറപ്പെടുന്ന നാലുപേർ നേരിടുന്ന രസകരമായ പ്രതിസന്ധികളും അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന ആകർഷണം. ഹാസ്യത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം സൗഹൃദത്തിന്റെ ആഴവും വൈകാരിക മുഹൂർത്തങ്ങളും ചിത്രം മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. പഴയകാല സൗഹൃദങ്ങളുടെയും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകളുടെയും ഓർമകൾ പുതുക്കുന്ന തരത്തിലാണ് കഥ മുന്നോട്ടുപോകുന്നത്.
ചിത്രത്തിലെ പ്രകടനത്തിലൂടെ നടൻ കൃഷ്ണ ബുരുഗുല മികച്ച ഹാസ്യനടനുള്ള തെലങ്കാന ഗദ്ദർ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയിരുന്നു. സിനിമയിലെ പ്രധാന കഥാപാത്രമായ കാർത്തിക്കിനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. സ്വാഭാവികമായ ഹാസ്യവും വൈകാരികതയും സമന്വയിപ്പിച്ചുള്ള താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രകളും സൗഹൃദങ്ങളും നർമവും ഇഷ്ടപ്പെടുന്നവർക്ക് ആസ്വദിക്കാവുന്ന ഒരു ഫാമിലി എന്റർടെയ്നറാണ് ‘ജിഗ്രിസ്’. തെലുങ്കിൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ മലയാളം പതിപ്പ് ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ ലഭ്യമാണ്.












