മമ്മൂട്ടി,വിനായകൻ സിനിമ; ‘കളങ്കാവലി’ന്റെ ട്രെയ്‌ലർ പുറത്ത്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവലി’ന്റെ ട്രെയ്‌ലർ പുറത്ത്.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന‘മമ്മൂട്ടി മാജിക്’ ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.

നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

മുജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഫൈസൽ അലി ഒരുക്കിയ ഗംഭീര ദൃശ്യങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നും ട്രെയ്‌ലർ സൂചന നൽകുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.