‘കളങ്കാവൽ’ ആദ്യ ഷോ കഴിഞ്ഞു: മമ്മൂട്ടിയും വിനായകനും തകർത്തു, മികച്ച പ്രതികരണവുമായി പ്രേക്ഷകർ

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കളങ്കാവൽ’ തിയേറ്ററുകളിൽ എത്തി. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലറിന് ആദ്യ പ്രദർശനങ്ങൾക്ക് ശേഷം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം എന്ന നിലയിൽ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ‘കളങ്കാവലിനെ’ വരവേറ്റത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ പ്രതിനായക വേഷമാണ് പ്രധാന ഹൈലൈറ്റായി പ്രേക്ഷകർ വിലയിരുത്തുന്നത്. കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഭാവപ്പകർച്ചകളോടെയാണ് മമ്മൂട്ടി സ്ക്രീനിൽ എത്തുന്നത്. അതുപോലെ, പോലീസ് വേഷത്തിൽ വിനായകനും ഗംഭീര പ്രകടനം കാഴ്ചവെച്ചുവെന്ന് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മമ്മൂട്ടിയും വിനായകനും തമ്മിലുള്ള ‘ക്യാറ്റ് ആൻഡ് മൗസ്’ ഗെയിം ചിത്രം മികച്ച ത്രില്ലർ അനുഭവം നൽകുന്നുണ്ട്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ, ആദ്യ പകുതിയും ഇന്റർവെൽ ബ്ലോക്കും ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം, ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ എന്ന സിനിമയുടെ കഥാകൃത്തായ ജിതിൻ കെ. ജോസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്.