
2004 ൽ കമലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞ് പോലൊരു പെൺകുട്ടി. ഈ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് കമൽ ഇപ്പോൾ. 16 വയസ്സുള്ള കൗമാരക്കാരിയായ നിധി തൻ്റെ സുഹൃത്തുക്കളുടെ സഹായത്തോടെ തന്നെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന രണ്ടാനച്ഛനെ രഹസ്യമായി കൊല്ലാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലെ ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം. ഈ സിനിമ തീയേറ്ററിൽ സ്ത്രീ പ്രേക്ഷകർ ഏറ്റെടുത്തില്ലായെന്നും കമൽ പറയുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ നിധി ആയെത്തിയത് ബോളിവുഡ് നടി അമൃത പ്രകാശാണ്. ഈ പുതുമുഖത്തെ സിനിമയിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് കമൽ സംസാരിക്കുന്നു. മഞ്ഞ് പോലൊരു പെൺകുട്ടി റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ സിനിമ സ്വീകരിച്ചില്ല. അന്ന് തന്റെ സിനിമകൾക്ക് കൂടുതലും കുടുംബ പ്രേക്ഷകരാണ് ഉള്ളത്. സ്ത്രീകളാണ് തീയേറ്ററിൽ സിനിമ കാണാൻ കൂടുതലും വരുന്നത്. ഇങ്ങനെയൊരു സിനിമ അവരാരും പ്രതീക്ഷിക്കുന്നുമില്ല. ടീനേജ് കുട്ടികളാണ് അതിൽ അഭിനയിക്കുന്നത്. സിനിമ തുടങ്ങി ആദ്യത്തെ രണ്ട് മൂന്ന് സീൻ കഴിഞ്ഞപ്പോൾ സ്ത്രീകൾ ആകെ ഷോക്കായി മാറി. കാരണം അങ്ങനെ ഒരു തീം അവരാരും തന്റെ സിനിമയിൽ പ്രതീക്ഷിക്കുന്നില്ല.

ഒരുപക്ഷെ മലയാള സിനിമയിൽ ചൈൽഡ് അബ്യൂസുമായി ബന്ധപ്പെട്ട് വന്ന ആദ്യത്തെ തീം ആണതെന്ന് കരുതുന്നു എന്നും കമൽ പറയുന്നു. ഒരു പെൺകുട്ടിക്ക് സ്വന്തം വീട്ടിൽ നിന്നും ലൈംഗിക ചൂഷണം അനുഭവിക്കേണ്ടി വരുന്നു എന്നത് സ്ക്രീനിൽ കാണാൻ പ്രേക്ഷകർ ആഗ്രഹിച്ചിരുന്നില്ല എന്നും കമൽ പറയുന്നു. അന്നും ഇത്തരം കാര്യങ്ങൾ വീടുകളിൽ നടക്കുന്നുണ്ട്. പക്ഷെ അന്ന് എല്ലാവരും അത് ഒളിക്കുന്ന കാലഘട്ടമാണത്. ആ അസ്വസ്ഥത ആയിരിക്കാം സ്ത്രീ പ്രേക്ഷകർ തന്നോട് പറഞ്ഞത്. കമലിൽ നിന്നും ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ലെന്ന് പലരും തന്നെ വിളിച്ച് പറഞ്ഞിരുന്നെന്നും കമൽ വ്യക്തമാക്കി. എന്നാൽ പക്ഷെ ഇപ്പോൾ 20 വർഷങ്ങൾക്ക് ശേഷമാണ് ആ സിനിമ ഇറങ്ങുന്നതെങ്കിൽ ഇപ്പോൾ ആൾക്കാർ വളരയെധികം ആ ചിത്രത്തെ സ്വീകരിക്കുമായിരുന്നു എന്നും കമൽ പറയുന്നു. ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന കാര്യമല്ലേ അതെന്നും കമൽ പറയുന്നു. ബന്ധുക്കളിൽ നിന്നും ഇത്തരം ചൂഷണം നടക്കുന്നത് എന്നും വാർത്തയാണ് ഇപ്പോൾ എന്നും കമൽ പറയുന്നു. കുറേ പേരെ ഈ കഥാപാത്രത്തിനായി ഓഡിഷൻ ചെയ്തെങ്കിലും അത് നടന്നില്ല എന്നും കമൽ പറയുന്നു. അന്ന് പോപ്പി കുടയുടെ പരസ്യം ടീവിയിൽ ഒക്കെ വരുമായിരുന്നു എന്നും അതിൽ ടീനേജ് പ്രായത്തിൽ ഉള്ള ഒരു പെൺകുട്ടിയുണ്ട് എന്നത് ശ്രദ്ധിച്ചതിനെപ്പറ്റിയും കമൽ പറയുന്നു. ആ പെൺകുട്ടിയെപ്പറ്റി അന്വേഷിച്ചപ്പോൾ ബോംബെയിലുള്ള പെൺകുട്ടിയാണെന്ന് അറിഞ്ഞു. അമൃത പ്രകാശ് എന്നാണ് കുട്ടിയുടെ പേര്.

അവൾക്ക് മലയാളം അറിയുകയുമില്ല. പക്ഷെ അവൾക്ക് നിഷ്കളങ്കമായ ഒരു മുഖമുണ്ട്. ഒരു കാര്യവും അവൾക്ക് അറിയില്ല. ഈ കുട്ടിയെ കൊണ്ട് ആ ഒരു കഥാപാത്രത്തെ ചെയ്യിക്കാൻ പറ്റുമെന്ന് വിശ്വാസമുണ്ടെന്ന് താൻ പറഞ്ഞതായും കമൽ ഓർക്കുന്നു. അങ്ങനെയാണ് നടി അമൃത പ്രകാശ് സിനിമയിലെത്തിയതെന്ന് കമൽ വ്യക്തമാക്കി. സുരേഷ് കൃഷ്ണ, ഭാനുപ്രിയ, ഷംന കാസിം, ലാലു അലക്സ് തുടങ്ങിയവരാണ് മഞ്ഞ് പോലൊരു പെൺകുട്ടിയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. അമൃത പ്രകാശിനെ പിന്നീട് മലയാള സിനിമകളിൽ കണ്ടിട്ടില്ല. തും ബിന്‍ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അമൃത പ്രകാശ് അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. ബോളിവുഡിൽ നിരവധി ചിത്രങ്ങളിൽ അമൃത പ്രകാശ് അഭിനയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശിയായ അമൃത പ്രകാശ് മോഡൽ കൂടിയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് കമൽ. പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്ത ഒരുപിടി സിനിമകൾ ഇദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. സൂപ്പർ താരങ്ങളുടെ കരിയറിൽ പുരസ്കാരങ്ങളും ജനപ്രീതിയും നേടിക്കൊടുത്ത ഒരുപിടി സിനിമകൾ കമൽ സമ്മാനിച്ചു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, പാവം പാവം രാജകുമാരൻ, അഴകിയ രാവണൻ, ഈ പുഴയും കടന്ന് തുടങ്ങിയ സിനിമകൾ ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. സംവിധാന രംഗത്ത് കമൽ ഇപ്പോഴും സജീവമാണ്.











