
നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ നടി കനകലതയെ അറിയാത്ത മലയാളികളുണ്ടാവില്ല. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള നടി ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് അന്തരിച്ചത്. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ഏറെ നാളുകളായി ചികിത്സയിലിരിക്കെയായിരുന്നു കനകലതയുടെ മരണം. ഇപ്പോഴിതാ നടിയുടെ അവസാന കാലത്തെ ജീവിതത്തെ കുറിച്ച് കനകലതയുടെ സഹോദരിയും സഹോദരന്‍റെ മകനും കുടുംബവും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ രോഗാവസ്ഥ എന്തായിരുന്നുവെന്ന് സഹോദരി വിജയമ്മ വെളിപ്പെടുത്തിയത്. അസുഖം ആരംഭിച്ച ശേഷം കനകലത പറയുന്ന കാര്യങ്ങൾ തന്നെ വീണ്ടും റിപ്പീറ്റ് ചെയ്യുമായിരുന്നു എന്നും സഹോദരി വെളിപ്പെടുത്തുന്നു. പെട്ടെന്ന് ദേഷ്യം വരും. ഒന്നിനും ക്ഷമയില്ല. ആരെയും ദുഷിച്ച് പറയാത്ത ഒരാളായിരുന്നു. അമ്മയുടെ മീറ്റിങിന് പോയിട്ട് ആ ഫങ്ഷൻ അറ്റന്റ് ചെയ്യാതെ വേഗം വണ്ടിയിൽ കയറി ഇരുന്നു. അതേ കുറിച്ച് കാലടി ഓമന ചേച്ചി പറഞ്ഞതോടെയാണ് അപ്പച്ചിയുടെ മാറ്റങ്ങൾ തങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്ന് സഹോദര പുത്രൻ പറയുന്നു. രാത്രിയിൽ ഉറക്കവും കുറവായിരുന്നു. സൈക്കാട്രിസ്റ്റിനെ കാണാൻ വിളിച്ചിട്ടും വരാൻ കൂട്ടാക്കിയില്ല. സ്വന്തം ചേച്ചിയുടെ മരണ വാർത്ത കേട്ടിട്ട് പോലും ഒരു ഫീലിങ്സും ഇല്ലാതെയിരിക്കുകയായിരുന്നു കനകലത എന്നും ഇയാൾ പറയുന്നു.

കുടുംബത്തിന് വേണ്ടി ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുള്ളത് അപ്പച്ചിയാണ്. കുടുംബത്തിലുള്ള എല്ലാവരെയും രക്ഷപ്പെടുത്തി. അതുകൊണ്ട് തന്നെ ദൈവങ്ങൾക്കൊപ്പം ആരാധിക്കേണ്ട വ്യക്തിയാണ് എന്നും കനകലതയെപ്പറ്റി അനന്തിരവൻ പറയുകയാണ്. ആരെയും ദ്രോഹിച്ചിട്ടില്ല. വർക്ക് ഇല്ലാത്ത സമയത്ത് പോലും ആര് സഹായം ചോദിച്ചാലും കനകലത കൊടുക്കുമായിരുന്നു. അപ്പച്ചിയുടെ ജന്മം പോലും ഒപ്പമുള്ളവരെ രക്ഷപ്പെടുത്താൻ വേണ്ടിയായിരുന്നുവെന്ന് തോന്നും. ശരിക്കും കുടുംബത്തിന്റെ നാഥനായിരുന്നു എന്നും ഇവർ പറയുന്നു. വയറിൽ ട്യൂബിട്ടാണ് ഭക്ഷണം കൊടുത്തിരുന്നത്. ഭക്ഷണം കൊടുക്കുമ്പോഴൊക്കെ ദയനീയതയോടെ തങ്ങളെ നോക്കും. അത് കാണുമ്പോൾ തോന്നും ഇങ്ങനെ ഇട്ട് കഷ്ടപ്പെടുത്താതെ ദൈവം പെട്ടന്ന് നല്ലൊരു മരണം കൊടുത്തിരുന്നെങ്കിലെന്ന്. എല്ല് മാത്രമെ ഉണ്ടായിരുന്നുള്ളു അവസാനം. കുളപ്പുള്ളി ലീല ചേച്ചി വരെ അവസ്ഥ കണ്ട് കരഞ്ഞു. മൂന്ന് വയസുള്ള കുട്ടിയുടെ പെരുമാറ്റമായിരുന്നു അവസാന കാലത്തൊക്കെ. വിശപ്പ് പോലും അറിയാതെയായി. ദിനചര്യകളും മറന്നു. സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. വലത് കൈയ്യും തളർന്നു പോയിരുന്നു എന്നും കുടുംബം പറയുന്നു. കനകലതയ്ക്ക് മോഹൻലാലിനോടുള്ള ഇഷ്‌ടത്തെപ്പറ്റിയും ഇവർ പറയുന്നു. ലാൽ സാറിനെ കാണണമെന്ന് കനകലതയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. മോഹൻലാലിനെ ജീവനാണ്. ലാലിന്റെ സിനിമയുടെ ഷൂട്ടുണ്ടെന്ന് പറഞ്ഞ് പോകാൻ വാശി പിടിച്ച് ഒരിടയ്ക്ക് ബഹളം വെക്കുമായിരുന്നു എന്നും സഞ്ചാരം പരിപാടി ഒരുപാട് നേരം ഇരുന്ന് കാണുമായിരുന്നു എന്നും ഇവർ പറയുന്നു. അപ്പച്ചിയെ കുറിച്ച് പറഞ്ഞാൽ തീരില്ല. നന്മയുടെ ഉറവിടമായിരുന്നു. ആരോടും അസൂയയില്ലായിരുന്നു. നാടക രംഗത്തും സീരിയലിലുമുള്ള താരങ്ങൾ നിരവധി കനകലതയെ അസുഖ ബാധിതയായ ശേഷം കാണാൻ വന്നിരുന്നു എന്നും അനന്തിരവൻ പറയുന്നു.

അവസാന കാലത്ത് ആരോഗ്യം ക്ഷയിച്ച് വളരെ മോശമായ അവസ്ഥയിലായിരുന്നു കനകലത. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്കൊന്നും കനകലതയെ കാണാൻ അനുമതി കൊടുത്തില്ല. അതുപോലെ അപ്പച്ചിയുടെ രൂപം പുറം ലോകത്തെ കാണിക്കാൻ തങ്ങൾക്ക് താൽപര്യമില്ലായിരുന്നു എന്നും അനന്തിരവൻ പറയുന്നു. അതിന്റെ പേരിൽ പല യുട്യൂബ് ചാനലുകളും തങ്ങളെ കുറിച്ച് മോശമായി പറഞ്ഞു. ദുരൂഹതയൊന്നുമുണ്ടായിട്ടല്ല മാധ്യമങ്ങളെ വിലക്കിയത് എന്നും വീഡിയോ എടുക്കണമെന്ന് പറഞ്ഞ് വരുന്നതു കൊണ്ടാണ് കനകാലതയെ കാണാൻ പലരേയും അനുവദിക്കാതിരുന്നത് എന്നും കുടുംബം പറയുന്നു. ആളുകൾ പക്ഷെ മനസിലാക്കുന്നില്ല. അതുപോലെ സിനിമ മേഖലയിൽ ആരുമായും ആഴത്തിലുള്ള ബന്ധം കനകലതയ്ക്കുണ്ടായിരുന്നില്ലെന്നും തങ്ങളായിരുന്നു ലോകമെന്നും കനകലതയുടെ ബന്ധുക്കൾ പറയുന്നു. കനകലത സഹോദരി വിജയമ്മയ്ക്കും സഹോദരന്‍റെ മകനും കുടുംബത്തിനുമൊപ്പമാണ് താമസിച്ചിരുന്നത്. ഇരുപത്തിരണ്ടാം വയസിലായിരുന്നു കനകലതയുടെ വിവാഹം. യോജിച്ച് പോകാൻ സാധിക്കില്ലെന്ന് മനസിലായതോടെ 15 വർഷങ്ങൾക്കു ശേഷം 2005ൽ നടി വിവാഹ മോചിതയായി. കനകലതയ്ക്ക് മക്കളില്ല. അതേസമയം കൊല്ലം ഓച്ചിറ സ്വദേശിനിയാണ് കനകലത. പരമേശ്വരൻ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960 ഓഗസ്റ്റ് 24ന് കനകലത ജനിക്കുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അമ്പത് രൂപയായിരുന്നു ആ സമയത്ത് കനകലതയുടെ പ്രതിഫലമെന്ന് നടി മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. നടി കവിയൂര്‍ പൊന്നമ്മയുടെ കുടുംബമാണ് കനകലതയെ സിനിമയിലേക്ക് കൊണ്ടു വന്നത്. കവിയൂര്‍ പൊന്നമ്മയുടെ സഹോദരി കവിയൂര്‍ രേണുക വഴിയാണ് കനകലതയ്ക്ക് നാടകത്തില്‍ അവസരം ലഭിച്ചത്.











