ബാന്ദ്രയില്‍ അഭിനയിക്കുമ്പോള്‍ ദിലീപടക്കം അപമാനിച്ചു; വിഷമിച്ചു, KB ഗണേഷ് കുമാർ

ബാന്ദ്രയില്‍ അഭിനയിക്കുമ്പോള്‍ ദിലീപ് അടക്കമുള്ളവരില്‍ നിന്നും അപമാനം നേരിട്ടുവെന്ന് കെബി ഗണേഷ് കുമാര്‍. താന്‍ ഭാഗമായ രംഗം താനില്ലാതെ ചിത്രീകരിച്ചുവെന്നും ഗണേഷ് പറയുന്നു. ബാന്ദ്രയുടെ സെറ്റില്‍ നേരിട്ട അപമാനം കാരണം താന്‍ സിനിമ തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും ഗണേഷ് വെളിപ്പെടുത്തുന്നു.

‘ഒരു ഘട്ടത്തില്‍ ചില പടങ്ങളില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ വിഷമങ്ങളുണ്ടായി. ബ്രാന്ദ എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയിരുന്നു. അത് തന്റെ മനസില്‍ വലിയ അപമാനവും സങ്കടവുമുണ്ടാക്കി. ഇത്രയും വര്‍ഷത്തെ പരിചയമുള്ള തന്നോട് ദിലീപ് അടക്കം മോശമായി പെരുമാറിയെന്ന് തോന്നി. താനുള്ള സീനുകള്‍ താനില്ലാതെ ഷൂട്ട് ചെയ്യുന്നത് പോലെയുള്ള മര്യാദകേടുകള്‍ അവിടെ നടന്നു. അതിന് ശേഷം ഇനി സിനിമയില്‍ അഭിനയിക്കേണ്ട എന്നൊരു തീരുമാനത്തിലേക്ക് താന്‍ മനസു കൊണ്ട് എത്തിയെന്നും ഗണേഷ് കുമാര്‍ പറയുന്നു.

പിന്നെ ജിത്തു നേരിന്റെ കഥ പറഞ്ഞു, നല്ല സിനിമയാണ്. നല്ല കഥാപാത്രമാണ്. ലാലേട്ടന്‍ ഷൂട്ട് നേരത്തെയാക്കാമെന്ന് തീരുമാനിച്ചതോടെയാണ് ഞാന്‍ അഭിനയിക്കാം എന്ന് തീരുമാനിക്കുന്നത്. സത്യമാണ്, ഞാന്‍ തുറന്ന് പറയുകയാണ്. മനസു കൊണ്ട് അങ്ങനെ തീരുമാനിച്ചിരുന്നു.

ബാന്ദ്ര എന്ന സിനിമയുടെ സംവിധായകനും ദിലീപുമടക്കം എന്നെ വേദനിപ്പിച്ചു. നല്ല റോള്‍ ആണെന്ന് പറഞ്ഞാണ് വിളിച്ചു കൊണ്ടു പോയത്. റോള്‍ മോശമായിരുന്നുവെന്നത് പോട്ടെ. ഞാന്‍ അഭിനയിക്കേണ്ട കോമ്പിനേഷന്‍ സീനുകള്‍ വരുമ്പോള്‍ ദിലീപ് പോലും ചോദിച്ചില്ല, ഗണേഷേട്ടനെ കണ്ടില്ലല്ലോ എന്ന്. എസ്റ്റാബ്ലിഷ് ആയ, മുതിര്‍ന്ന നടനോട് അങ്ങനെ പെരുമാറിയപ്പോള്‍ ഇനി ഈ രംഗത്ത് നില്‍ക്കുന്നില്ലെന്ന് തീരുമാനിച്ച് ഞാന്‍ പിന്മാറിയതാണ്.” എന്നാണ് അദ്ദേഹം പറയുന്നത്.