കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹിച്ച പരിഗണന ലഭിക്കുന്നില്ല, കലാപ്രവര്‍ത്തനത്തിന് അവസരമില്ല എന്നൊക്കെയായിരുന്നു രാജസേനന്‍ ആരോപിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥിയായ രാജസേനന്‍ മത്സരിച്ചിരുന്നു.
ഇപ്പോഴിതാ രാജസേനന്റെ നടപടിയെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍. ബിജെപിയിലാണെങ്കില്‍ സത്യത്തിനും ധര്‍മ്മത്തിനുമൊപ്പം നില്‍ക്കുന്നു എന്ന് സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്താമെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

ബിജെപിയിലായിരുന്നപ്പോള്‍ സുഹൃത്തുക്കള്‍ അകന്നു എന്നും കാണുമ്പോള്‍ ചിരിക്കാറില്ലെന്നും രാജസേനന്‍ പറഞ്ഞിരുന്നു. അതിന് കൃഷ്ണകുമാറിന്റെ മറുപടിയിങ്ങനെയാണ്, ബിജെപിയിലാണെങ്കില്‍ നാവും നട്ടെല്ലും ഒരാള്‍ക്കു മുന്‍പിലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാമെന്നാണ് കൃഷ്ണകുമാറിന്റെ മറുപടി.

രാജസേനന്റെ പാര്‍ട്ടി മാറ്റത്തെ മഹാഭാരത്തിലെ മുഹൂര്‍ത്തങ്ങളെ ഉദ്ധരിച്ച് കൃഷ്ണകമാര്‍ വിമര്‍ശിച്ചു. മഹാഭാരതയുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പാണ്ഡവര്‍ക്ക് ഒപ്പം നിന്നിട്ട് പോലും പല ബന്ധുമിത്രാധികളും അധികാര പക്ഷമായ കൗരവ പക്ഷത്തോടൊപ്പമാണ് നിന്നത്. എന്നാല്‍ അവസാന വിജയം ധര്‍മ്മ പക്ഷമായ പാണ്ഡവര്‍ക്കൊപ്പമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











