‘നസ്രിയയെ കണ്ട് പഠിക്കൂ’; ആ നടന്റെ അവഹേളനത്തിലും വേദന കടിച്ചമർത്തി രഞ്ജിനി: വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

മലയാള മിനിസ്‌ക്രീൻ ചരിത്രത്തിൽ അവതരണത്തിന്റെ പുതിയ ശൈലി കൊണ്ടുവന്ന രഞ്ജിനി ഹരിദാസ് തന്റെ കരിയറിൽ നേരിട്ട വലിയൊരു അവഹേളനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. മുൻപ് ഐഡിയ സ്റ്റാർ സിംഗറിന്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ വെച്ച് പ്രശസ്ത നടൻ ജഗതി ശ്രീകുമാറിൽ നിന്ന് രഞ്ജിനിക്ക് നേരിടേണ്ടി വന്ന പരിഹാസത്തെക്കുറിച്ചാണ് അദ്ദേഹം പങ്കുവെച്ചത്. അവതാരക ഒരിക്കലും വിധികർത്താവാകാൻ ശ്രമിക്കരുത് എന്ന് പറഞ്ഞ് ജഗതി രഞ്ജിനിയെ പരസ്യമായി പരിഹസിച്ചതും അന്ന് വലിയ ചർച്ചയായിരുന്നു.

അന്ന് സ്റ്റേജിൽ രഞ്ജിനിയുടെ ഇംഗ്ലീഷ് കലർന്ന സംസാരശൈലിയെ ജഗതി അനുകരിക്കുകയും കാണികൾ അത് കണ്ട് ചിരിക്കുകയും ചെയ്തു. ഇതിനു പുറമെ, കൂടെയുണ്ടായിരുന്ന നസ്രിയ നസീമിനെ ചൂണ്ടിക്കാട്ടി ‘നസ്രിയയെ കണ്ട് പഠിക്കൂ’ എന്ന് ജഗതി ഉപദേശിച്ചപ്പോൾ രഞ്ജിനി വല്ലാതെ വേദനിച്ചുവെന്ന് ആലപ്പി അഷ്റഫ് പറയുന്നു. എന്നാൽ ആ നിമിഷം പരിഭ്രമിക്കാതെ, തന്റെ ഉള്ളിലെ സങ്കടം ഒരു പുഞ്ചിരിക്ക് പിന്നിൽ ഒളിപ്പിച്ച് അവർ തന്റെ പ്രൊഫഷണലിസം കാത്തുസൂക്ഷിച്ചു. പരിപാടിയുടെ ഇടവേള സമയത്ത് അവർ സ്റ്റേജിന് പിന്നിൽ പോയി വിതുമ്പിക്കരഞ്ഞതായും അദ്ദേഹം ഓർത്തെടുത്തു.

അതിഥിയോട് തിരിച്ച് മറുപടി പറയാൻ അറിയാത്തതുകൊണ്ടല്ല, മറിച്ച് തന്നെ ക്ഷണിച്ചവർക്കും ആ ചടങ്ങിനും ഒരു മോശം പേര് വരാതിരിക്കാനാണ് താൻ അന്ന് പ്രതികരിക്കാതിരുന്നത് എന്ന് പിന്നീട് രഞ്ജിനി പറഞ്ഞതായി അഷ്റഫ് ചൂണ്ടിക്കാട്ടി. ഇത് രഞ്ജിനിയുടെ വ്യക്തിത്വത്തിന്റെ ഔന്നത്യമാണ് കാണിക്കുന്നത്. തന്റെ കരിയറിലുടനീളം വസ്ത്രധാരണത്തിന്റെയും സംസാരശൈലിയുടെയും പേരിൽ ഒട്ടേറെ സൈബർ ആക്രമണങ്ങളും വിമർശനങ്ങളും നേരിട്ടിട്ടുള്ള രഞ്ജിനി, അവയെല്ലാം കരുത്തോടെ അതിജീവിച്ചാണ് ഇന്നും മലയാളികളുടെ പ്രിയങ്കരിയായ അവതാരകയായി തുടരുന്നത്.