
ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായ ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന് സിനിമയിലെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് ഓണററി ഓസ്‌കർ നൽകി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസ് ആദരിച്ചു. സാഹസികമായ രംഗങ്ങളിൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിലൂടെ ലോകശ്രദ്ധ നേടിയ താരമാണ് ടോം ക്രൂസ്.
മൂന്ന് തവണ ഓസ്‌കർ നോമിനേഷൻ ലഭിച്ചിരുന്നെങ്കിലും ഇതിനുമുമ്പ് താരത്തിന് പുരസ്കാരം നേടാൻ സാധിച്ചിരുന്നില്ല. ‘ബോൺ ഓൺ ദ ഫോർത്ത് ഓഫ് ജൂലൈ’, ‘ജെറി മഗ്വെയർ’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള നാമനിർദ്ദേശങ്ങളും ‘മഗ്നോളിയ’യിലെ പ്രകടനത്തിന് സഹനടനായും അദ്ദേഹത്തിന് നോമിനേഷൻ ലഭിച്ചിരുന്നു.
ഞായറാഴ്ച നടന്ന ഗവർണേഴ്സ് അവാർഡ്‌സ് ചടങ്ങിൽ വെച്ചാണ് ടോം ക്രൂസിന് ഓണററി ഓസ്‌കർ സമ്മാനിച്ചത്. പ്രശസ്ത സംവിധായകൻ അലജാന്ദ്രോ ജി. ഇനാരിറ്റുവാണ് പുരസ്‌കാരം കൈമാറിയത്.
ടോം ക്രൂസിന്റെ വികാരനിർഭരമായ വാക്കുകൾ: പുരസ്‌കാരം സ്വീകരിച്ച ശേഷം ടോം ക്രൂസ് നടത്തിയ പ്രസംഗം വികാരനിർഭരമായിരുന്നു. “സിനിമ എനിക്ക് ഒരു തൊഴിൽ മാത്രമല്ല, ജീവിതം തന്നെയാണ്. അതുകൊണ്ടാണ് ഈ അംഗീകാരത്തിന് ഇത്രയധികം പ്രാധാന്യം. എന്റെ ഓർമ്മയിൽ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയോടുള്ള ഇഷ്ടം ആരംഭിച്ചിരുന്നു. ഇരുട്ട് നിറഞ്ഞ ഒരു തിയേറ്ററിൽ ഇരുന്ന ചെറിയ കുട്ടിയായിരുന്നു ഞാൻ. മുറിയുടെ നടുവിലൂടെ പ്രകാശത്തിന്റെ ആ കിരണം കടന്നുപോകുന്നത് ഞാൻ ഓർക്കുന്നു. അത് സ്ക്രീനിൽ പതിച്ചപ്പോൾ, ഞാൻ അറിഞ്ഞിരുന്ന ലോകത്തേക്കാൾ എത്രയോ വലുതായി ആ ലോകം എന്റെ മുന്നിൽ വിടർന്നു,” ടോം ക്രൂസ് പറഞ്ഞു.
ഈ പ്രകാശരശ്മി തന്നിൽ സാഹസികതയ്ക്കും അറിവിനും മനുഷ്യത്വത്തെ മനസ്സിലാക്കുന്നതിനും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിനും ഒരു കഥ പറയാനുമുള്ള ദാഹം ജനിപ്പിച്ചു. “അത് എന്റെ കണ്ണുകൾ തുറന്നു. എന്റെ ജീവിതത്തിൽ ഞാൻ അപ്പോൾ കണ്ടിരുന്ന അതിരുകൾക്കും അപ്പുറത്തേക്ക് ജീവിതം വികസിക്കാൻ സാധ്യതയുണ്ടെന്നുള്ള എന്റെ ഭാവനയെ അത് തുറന്നുവിട്ടു. അന്നുമുതൽ ഞാൻ അതിനെ പിന്തുടരുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.











