
കരിയറിലെ തിരക്കുകളിലാണ് ഇന്ന് വിനീത് ശ്രീനിവാസനും സഹോദരൻ ധ്യാൻ ശ്രീനിവാസനും.ഇപ്പോൾ ധ്യാനിനെക്കുറിച്ചും വിനീതിനെക്കുറിച്ചുമുള്ള ബാല്യകാല ഓർമകൾ പങ്കുവെക്കുകയാണ് ഇവരുടെ അമ്മാവനായ സംവിധായകൻ എം മോഹനൻ. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് മോഹനന്റെ പ്രതികരണം. ധ്യാനിന്റെ അഭിമുഖങ്ങൾ കുറേയൊക്കെ കാണാറുണ്ട്. പുള്ളി പറയുന്നതൊക്കെ സത്യമാണ്. ഇല്ലാത്തത് പറയാറില്ല. ഉള്ളത് കുറച്ച് ഡ്രമാറ്റിക് ആയി പറയും. ചെറുപ്പത്തിലേ നന്നായി സംസാരിക്കും. പറയാനുള്ള കാര്യങ്ങൾ തുറന്ന് പറയും. തെറ്റ് ചെയ്താൽ അത് മറച്ച് വെച്ച് കളവ് പറയില്ല സത്യസന്ധനാണ് ധ്യാൻ എന്നാണ് അമ്മാവൻ പറയുന്നത്. വിനീതിന്റേയും ധ്യാനിന്റെയും കുട്ടിക്കാലത്തെ ഒരു സംഭവവും എം മോഹനൻ ഓർത്തു. ധ്യാൻ അന്ന് സ്കൂളിൽ ചേർന്നിട്ടില്ല. വിനീത് ഭയങ്കര വായനയാണ്അന്നൊക്കെ എന്നും മോഹനൻ പറയുന്നു.
കുട്ടികളുടെ മാസികയൊക്കെ വീട്ടിൽ എപ്പോഴും അടുക്കി വെച്ചിട്ടുണ്ടാകും എന്നും ഇദ്ദേഹം പറയുന്നു. ബാലമാസികകൾ ഞാൻ അവർക്ക് വാങ്ങിക്കൊടുക്കും. വിനീത് ശ്രീനിവാസൻ പുസ്തകങ്ങൾ ആർക്കും കൊടുക്കില്ല എന്നാണ് എം മോഹനൻ പറയുന്നത്. ഇനി അധവാ കൊടുത്താൽ തന്നെ കൃത്യസമയത്ത് തിരികെ വിനീതിന് പുസ്തകം കൊടുക്കണം. സ്കൂൾ ബസ് വന്ന് ഹോൺ അടിച്ചാലും വിനീത് വരില്ല. മാസികയും വായിച്ച് ഇരിക്കുന്നുണ്ടാകും. ചേച്ചി ടീച്ചറാണ്. ഇവനെ സ്കൂളിൽ അയച്ചിട്ട് വേണം അവർക്ക് പോകാൻ. ധ്യാൻ ചെവി രണ്ടും തുറന്ന് വെച്ചിട്ടുണ്ടാകും. ഈ ചെക്കനെ കൊണ്ട് തോറ്റു, ആ മാസികയെല്ലാം എവിടെയെങ്കിലും കൊണ്ട് പോയി കളയണം എന്ന് ചേച്ചി പറഞ്ഞു.
ചേച്ചി ദേഷ്യത്തിനങ്ങ് വെറുതെ പറഞ്ഞതാണ്. ഞാൻ റൂമിൽ നിന്ന് ഇതൊക്കെ കേൾക്കുന്നുണ്ട് ആയിരുന്നു എന്നും മോഹനൻ പറയുകയാണ്. രാത്രി ഞാൻ വന്ന് നോക്കുമ്പോൾ വിനീത് ശ്രീനിവാസൻ കരയുന്നു. എന്താണ് മോനെ കരയുന്നതെന്ന് ചോദിച്ചപ്പോൾ എന്റെ ബാലരമയൊന്നും കാണുന്നില്ലെന്ന് പറഞ്ഞു. അടുത്ത് തന്നെ ധ്യാനും ഉണ്ട്. ആശാൻ ഒന്നും സംഭവിക്കാത്തത് പോലെ ഇരിക്കുകയാണ്. കാലിൻമേൽ കാൽ വെച്ച് സോഫയിൽ ഇരുന്ന് ടിവി കാണുന്നു. അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്നും വിനീത് പറഞ്ഞു. തനിക്ക് സംശയം തോന്നിയപ്പോൾ ധ്യാനിനോട് ചോദിച്ചു. മാമ, ഞാനത് കൊണ്ട് കളഞ്ഞു, അമ്മ പറഞ്ഞിരുന്നു ഈ ചെക്കനെയും കൊണ്ട് രക്ഷയില്ല, ഇത് കളയണമെന്ന്. അതുകൊണ്ടാണെന്ന് പറഞ്ഞു. ഒടുവിൽ താൻ പോയി കുഴിയിലിറങ്ങി ആ പുസ്തകങ്ങൾ എടുത്തെന്നും എം മോഹനൻ വ്യക്തമാക്കി. അതേസമയം ഒരു ജാതി ജാതകമാണ് എം മോഹനന്റെ പുതിയ സിനിമ. വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. കഥ പറയുമ്പോൾ, മാണിക്യകല്ല്, അരവിന്ദന്റെ അതിഥികൾ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് എം മോഹനൻ. കഥ പറയുമ്പോൾ ആണ് ആദ്യ സിനിമ. അതിന് മുമ്പ് സത്യൻ അന്തിക്കാടിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പുതിയ ചിത്രം ഒരു ജാതി ജാതകം തിയറ്ററിൽ പ്രദർശനം തുടരുകയാണ്.












