
അത്ഭുതത്തോടെയും അങ്ങേയറ്റം ആദരവോടെയും മലയാള സിനിമാ പ്രേക്ഷകർ ആരാധിക്കുന്ന പ്രതിഭയാണ് മധു. ഇപ്പോഴിതാ അവസാനമായി കണ്ട സിനിമയെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും മധു പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
അവസാനമായി കണ്ടത് ടൊവിനോ തോമസ് നായകൻ ആയി ട്രിപ്പിൾ റോളിൽ എത്തിയ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയാണെന്നും എന്നാൽ ആ സിനിമ വലുതായി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നുമാണ് മധു മലയാളത്തിലെ ഒരു ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്.
ഒരുപക്ഷെ ജനറേഷൻ ഗ്യാപ്പാകാം ഈ സിനിമ ഇഷ്ടപ്പെടാതെ പോയതിന്റെ കാരണമെന്നും നടൻ മധു കൂട്ടിച്ചേർത്തു. മധുവിന്റെ വാക്കുകൾ ഇങ്ങനെ; “താന്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമ ഏതാണെന്ന് ചോദിച്ചാൽ ഇന്നലെ കണ്ട ഒരു സിനിമയാണ്. ടൊവിനോയുടെ അടിപിടി അക്രമമുള്ള ഒരു സിനിമയുണ്ടല്ലോ… എആര്‍എം. അതാണ് ഇന്നലെ കണ്ട് നിര്‍ത്തിയ സിനിമ എന്നാണ് മധു പറയുന്നത്. ആ പടം വളരെ ഇഷ്ടപ്പെട്ടില്ല. ഒരുപക്ഷെ ജനറേഷന്‍ ഗ്യാപ്പ് കൊണ്ടാകും.

അതിനകത്ത് ചുമ്മാ അടിപിടിയല്ലേ. അത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്… എല്ലാ അടിപിടിയും നമ്മളെ വിഡ്ഢികളാക്കുന്നതല്ലേ… ഒരുത്തന്റെ താടിക്ക് ഒരു തട്ട് കൊടുത്താല്‍ അവന്‍ പൊങ്ങിപോയി മൂന്ന് കറക്കം കറങ്ങി താഴെ വീഴും എന്നിട്ട് അവിടെ നിന്ന് എഴുന്നേറ്റ് വന്ന് അടിക്കും. അതൊക്കെ കണ്ട് സ്വയം തൃപ്തിപ്പെടുകയെന്ന് പറഞ്ഞാല്‍… അതിന് സാധിക്കില്ല എന്നാണ് മധു പറയുന്നത് . എആര്‍എം കാണുമ്പോള്‍ ആ വിഷമം തനിക്ക് ഉണ്ടായിരുന്നു എന്നാണ് മധു പറയുന്നത് “.
അതേസമയം ടൊവിനോ തോമാസിന്റെ കരിയർ ബെസ്റ്റ് സിനിമകളിലൊന്നായാണ് എആർഎം എന്നാണ് പ്രേക്ഷകർക്കിടയിൽ വിശേഷിപ്പിക്കപ്പെടുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈ സിനിമ ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങിയത്.
പിന്നീട് നടൻ മമ്മൂട്ടിയെ കുറിച്ചാണ് മധു സംസാരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമയോടുള്ള അർപ്പണ ബോധത്തെ കുറിച്ചും മഹാനടൻ സംസാരിക്കുന്നു. ആയിരം മേനി, വൺ അടക്കം നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
മമ്മൂട്ടി വളരെ സീരിയസായ ഒരു ആര്‍ട്ടിസ്റ്റാണ് എന്നാണ് മധു അഭിപ്രയപ്പെടുന്നത്. ജീവിതം തന്നെ വളരെ സീരിയസായി എടുത്തിട്ടുള്ള ആളാണ് മമ്മൂട്ടി. വലിയ ബഹളങ്ങളൊന്നും കാണിച്ചില്ലെങ്കില്‍ പോലും ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം മനസിലാക്കി ചെയ്യുന്ന നടനാണ് മമ്മൂട്ടി . മമ്മൂട്ടി അഭിനയം ആസ്വദിച്ചാണ് ചെയ്യുന്നത്. അങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ നമുക്ക് കിട്ടിയതില്‍ അദ്ദേഹത്തേക്കാള്‍ ഭാഗ്യവാന്മാര്‍ നമ്മളാണ് എന്നാണ് മധു പറയുന്നത്.

ഇതുവരെ മമ്മൂട്ടി അഭിനയിച്ചത് കൊണ്ട് മോശമായെന്ന് പറഞ്ഞ ഒരു കഥാപാത്രം ഉണ്ടായിട്ടുണ്ടോ എന്നാണ് മധു മമ്മൂട്ടിയുടെ അഭിനയത്തെ വിലയിരുത്തി കൊണ്ട് പറഞ്ഞത്. അതേസമയം തന്റെ സൂപ്പർസ്റ്റാർ മധുവാണെന്നത് മമ്മൂട്ടി പലപ്പോഴായി അഭിമുഖങ്ങളിൽ കൂടിയൊക്കെ പറഞ്ഞിട്ടുണ്ട്. എന്റെ സൂപ്പർസ്റ്റാർ എന്നാണ് മലയാളത്തിന്റെ മഹാനടൻ മധുവിനെ മമ്മൂട്ടി വിശേഷിപ്പിക്കാറുള്ളത്.
സത്യനും നസീറും തിളങ്ങി നിന്ന കാലത്ത് അവരെ പോലല്ലാത്ത ഒരാൾ എന്ന നിലയ്ക്കാണ് താൻ മധുവിനെ ഇഷ്ടപ്പെട്ടത് എന്നാണ് മമ്മൂട്ടി മുമ്പൊരിക്കൽ പറഞ്ഞത്. 1982ൽ പുറത്തിറങ്ങിയ പടയോട്ടം എന്ന സിനിമയിലാണ് മമ്മൂട്ടിയും മധുവും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് പിൻനിലാവ്, അലകടലിനക്കരെ, ജാഗ്രത, അറിയാത്ത വീഥികൾ, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, ഇതിരുപ്പൂവേ ചുവന്ന പൂവേ, ഇത്രയുംകാലം, തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തി. വൺ ആണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ച ചിത്രം.
അതേസമയം മലയാള സിനിമയിലെ ആദ്യ കാല നായക നടൻ ആണ് മധു. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിൽ സിനിമാ അഭിനയം തുടങ്ങിയ മധു നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയി. വയസ് തൊണ്ണൂറ്റി ഒന്ന് പിന്നിട്ടെങ്കിലും കാലത്തിന്റെ മാറ്റങ്ങൾ വാക്കിലും പ്രവർത്തിയിലും ഉൾകൊള്ളുന്ന യഥാർത്ഥ ന്യൂജെന്നാണ് അദ്ദേഹം. ഓരോ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകൾ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് മധു.
മലയാള സിനിമയ്ക്കൊപ്പം വളർന്ന കലാകാരനായതുകൊണ്ട് തന്നെ പ്രേം നസീർ, സത്യൻ തുടങ്ങി പുതുതലമുറയിലെ താരമായ ദുൽഖർ സൽമാൻ ചിത്രത്തിൽ വരെ നടൻ മധു വേഷമിട്ടു. ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്റെ കൂടെയും മധു അഭിനയിച്ചിട്ടുണ്ട്. 1969 ലിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന സിനിമയിൽ ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ആദ്യ സിനിമ ആയിരുന്നു ഇത്.











