
സംഗീതഞ്ജൻ രമേഷ് നാരായൺ നടൻ ആസിഫ് അലിയ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ മേജർ രവി. പക്വതയില്ലാത്ത ശരീര ഭാഷയായിരുന്നു രമേശ് നാരായണന്റേതെന്ന് സംവിധായകൻ പറഞ്ഞു. സംവിധായകൻ ജയരാജന്റെ കയ്യിൽ നിന്നും അവാർഡ് വാങ്ങണമെന്ന് ഉണ്ടായിരുന്നേൽ അത് ആസിഫ് അലിയോട് വളരെ സൗമ്യമായി പറയാമായിരുന്നു.
അതൊന്നും പറയാതെ നിങ്ങൾ ആ കുട്ടിയോട് വളരെ ലാഘവത്തോടെ ഒരു വിലയും കൊടുക്കാതെ പെരുമാറി. പ്രായത്തിന് നിരക്കാത്ത വളരെ അപക്വമായ പെരുമാറ്റമാണ് കാണിച്ചത്. അംഗീകാരം പിടിച്ചു വാങ്ങാൻ ശ്രമിക്കരുതെന്നും മറ്റുള്ളവരെ അഭിനന്ദിക്കാനും അവർക്ക് വഴി മാറി കൊടുക്കാനും തയ്യാറാകുന്നവരാണ് യഥാർത്ഥ കലാകാരന്മാരെന്നും മേജർ രവി കൂട്ടിച്ചേർത്തു.
“പരസ്യമായി അപമാനിക്കപ്പെട്ടതിൽ ആസിഫ് അലിയുടെ മനസ്സിൽ വേദന തോന്നിയിട്ടുണ്ടാവും. അഭിമാനമുള്ള എല്ലാവർക്കും അത് തോന്നും. രമേശ് നാരായണനോട് ഒന്ന് പറയാനുണ്ട്. ഇന്ന് കാലം ഒരുപാട് മാറി. നമ്മൾ ആരും ഒന്നുമല്ല. ഒരു നിമിഷം മതി നമ്മൾ മരിക്കാൻ. അത്രയേ ഉള്ളൂ ജീവിതം. കലാകാരൻ കാലത്തിനനുസരിച്ച് മാറണം. കലയും ആസ്വാദനവും എല്ലാം മാറിക്കൊണ്ടിരിക്കും. നിങ്ങളെ സ്റ്റേജിലേക്ക് വിളിച്ചില്ലെങ്കിൽ അതിന് സംഘാടകരെയാണ് കുറ്റപ്പെടുത്തേണ്ടത്. അതിന്റെ ദേഷ്യം ആസിഫ് അലിയോട് കാണിക്കാൻ പാടില്ലായിരുന്നു. നമ്മളെല്ലാം വെറും പൂജ്യമാണ്. ഇപ്പോൾ മേജർ രവി എന്നു പറഞ്ഞ ഒരാൾ മരിച്ചു പോയാലും നാളെയും ഇവിടെ പട്ടാള സിനിമകൾ ഉണ്ടാവും. അതുപോലെയാണ് നിങ്ങളും. അത് മനസ്സിലാക്കിയാൽ മതി”-മേജർ രവി പറഞ്ഞു.











