
നിർജ്ജലീകരണവും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ഷാരുഖ് ഖാനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐപിഎൽ മത്സരത്തിനിടെ തളർച്ച അനുഭവപ്പെട്ട താരത്തെ അഹമ്മദാബാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. താരം ഇന്നലെ ആശുപത്രി വിട്ടിരുന്നു. ഇപ്പോൾ താരത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള നടി മലൈക അറോറയുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
‘നമ്മൾ നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് ബോധവാന്മാരാകണമെന്നും അവബോധമുള്ളവരായിരിക്കണമെന്നും ഞാൻ നിരന്തരം പറയുന്നത് അതുകൊണ്ടാണ്. അങ്ങനെയായാൽ മാത്രമേ പ്രകൃതി നമ്മെ തിരിച്ച് സ്നേഹിക്കുകയുള്ളൂ. എന്നാൽ ശരിയാണ്, ഉഷ്ണ തരംഗം പോലെയുള്ള കാര്യങ്ങളിൽ നമ്മുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല.

അതുകൊണ്ട് എപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക, ധാരാളം വെള്ളം കുടിക്കുക, തണുപ്പുള്ളതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിക്കുക, സൺ സ്‌ക്രീൻ ഉപയോഗിക്കുക, കൈയിൽ കുട കൊണ്ടു നടക്കാൻ ശ്രമിക്കുക’- ഇതാണ് നിങ്ങൾക്ക് നൽകാൻ കഴിയുന്ന ചെറിയ ടിപ്പുകളെന്ന് മലൈക അറോറ പറഞ്ഞു. ഫിറ്റ്നസ് നിലനിർത്തുന്നതിൽ അതീവശ്രദ്ധ പുലർത്തുന്നയാളെന്ന നിലയിൽ മലൈക അറോറയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്..











