
ചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ (CSK) ഭാഗമായ മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി തമിഴ് സൂപ്പർതാരം ശിവകാർത്തികേയൻ. തമിഴ്നാട്ടിൽ മലയാള സിനിമകൾക്കും നടിമാർക്കും വലിയ സ്വീകാര്യതയാണുള്ളതെന്നും എന്നാൽ കേരളത്തിൽ നിന്നുള്ള ക്രിക്കറ്റ് താരമായ സഞ്ജു ഇവിടെ ഒരു ‘ബ്ലോക്ബസ്റ്റർ’ ആയി മാറിയിരിക്കുകയാണെന്നും താരം പറഞ്ഞു. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന സി.എസ്.കെ. ആരാധക സംഗമത്തിനിടെയായിരുന്നു ശിവകാർത്തികേയന്റെ ആവേശകരമായ പ്രതികരണം.
പുതിയ സീസണിലേക്കുള്ള ചെന്നൈ ടീമിനെ പരിചയപ്പെടുത്തുന്നതിനിടെയാണ് ശിവകാർത്തികേയൻ സഞ്ജുവിനെക്കുറിച്ച് സംസാരിച്ചത്. “സഞ്ജു ചേട്ടാ” എന്ന് സ്നേഹത്തോടെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു നടന്റെ വാക്കുകൾ. തമിഴ്നാടും കേരളവും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, സഞ്ജുവിന്റെ സാന്നിധ്യം ടീമിന് നൽകുന്ന ആവേശം ചെറുതല്ലെന്നും കൂട്ടിച്ചേർത്തു. ശിവകാർത്തികേയൻ സഞ്ജുവിന്റെ പേര് പറഞ്ഞതോടെ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകർ വൻ ഹർഷാരവത്തോടെയാണ് അത് ഏറ്റെടുത്തത്.
വേദിയിൽ സഞ്ജുവിനൊപ്പം എം.എസ്. ധോണിയും നായകൻ റുതുരാജ് ഗെയ്‌ക്‌വാദും ഉണ്ടായിരുന്നു. ശിവകാർത്തികേയന്റെ തമാശ കലർന്ന പ്രശംസ കേട്ട് സഞ്ജു പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്. സഞ്ജുവിനെ സി.എസ്.കെ ജേഴ്സിയിൽ കാണാനായതിന്റെ ആവേശത്തിലാണ് തമിഴ്നാട്ടിലെ ക്രിക്കറ്റ് ആരാധകർ. മലയാള സിനിമകൾക്ക് തമിഴ്നാട്ടിൽ ലഭിക്കുന്ന അതേ ജനപ്രീതി ഇപ്പോൾ സഞ്ജുവിനും ലഭിക്കുന്നുണ്ടെന്ന താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലും ഇതിനോടകം വൈറലായിക്കഴിഞ്ഞു.











