
മലയാള സിനിമയുടെ സ്വന്തം അമ്മയാണ് മല്ലിക സുകുമാരൻ, മക്കൾക്കൊപ്പം വെള്ളിത്തിരയിൽ മല്ലികയും തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയയിലും താരം വളരെ ആക്റ്റീവ് ആണ്, തന്റെ അഭിപ്രായങ്ങൾ എല്ലാം പ്രേക്ഷകർക്ക് വേണ്ടി പങ്കു വെച്ച് മല്ലിക എത്താറുണ്ട്. അത് കൊണ്ട് തന്നെ മല്ലികക്ക് എതിരെ നിരവധി ട്രോളുകളും ഉണ്ടാകാറുണ്ട്, എന്നാൽ താരത്തിന് ട്രോളുകൾ ഒന്നും തന്നെ വലിയ പ്രശനം അല്ല. അതൊക്കെ ഒരു തമാശ ആയിട്ടേ മല്ലിക എടുക്കാറുള്ളു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ അതിഥിയായി എത്തിയപ്പോഴും ഒരു ആരാധകന് അറിയേണ്ടിയിരുന്നത് ‘മല്ലികചേച്ചിയുടെ ലംബോര്‍ഗിനിയെ’ കുറിച്ചായിരുന്നു. “ലംബോര്‍ഗിനി എവിടെ അമ്മേ?” എന്ന് അന്വേഷിച്ച് ആള്‍ക്ക് രസകരമായ മറുപടിയാണ് മല്ലിക സുകുമാരന്‍ നല്‍കിയത്. “അലമാരയില്‍ വെച്ചു പൂട്ടിയേക്കുവാ മോനേ, ആവശ്യത്തിന് പുറത്തെടുത്താല്‍ മതിയല്ലോ?” എന്നായിരുന്നു താരത്തിന്റെ മറുപടി.
മകന് പൃഥ്വിരാജ് പുതിയ ലംബോര്‍ഗിനി കാര്‍ വാങ്ങിയെന്നും അത് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ട് വരാന്‍ സാധിക്കാത്തത് അവിടത്തെ റോഡുകളുടെ ശോചനീയ അവസ്ഥ കാരണമാണ് എന്നും മല്ലിക സുകുമാരന്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ട്രോളുകള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് കേരളത്തില്‍ പ്രളയം വന്ന സാഹചര്യത്തില്‍ ഒരു ചെമ്ബില്‍ കയറി മല്ലിക സുകുമാരന്‍ യാത്ര ചെയ്തപ്പോള്‍, ‘ഇതാണോ മല്ലിക ചേച്ചി പറഞ്ഞ ലംബോര്‍ഗിനി?’ എന്നും പരിഹാസങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെക്കുറിച്ചാണ് ലൈവ് സംഭാഷണത്തില്‍ ഒരു ആരാധകന് പരാമര്‍ശിച്ചത്.











