
കൊച്ചി: മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസന്റെ വേർപാടിൽ വികാരാധീനനായി മെഗാസ്റ്റാർ മമ്മൂട്ടി. ദശകങ്ങൾ നീണ്ട ആത്മബന്ധമുള്ള തന്റെ പ്രിയ സുഹൃത്തിന് സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടി നൽകിയ ആദരം ആരാധകരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. “ഓർക്കാതിരിക്കാൻ പറ്റുന്നില്ല സുഹൃത്തേ നിന്നെ…” എന്ന ഹൃദയസ്പർശിയായ കുറിപ്പിനൊപ്പം ശ്രീനിവാസനോടൊപ്പമുള്ള ഒരു പഴയകാല ചിത്രവും അദ്ദേഹം പങ്കുവെച്ചു.
ശ്രീനിവാസന്റെ മരണവാർത്ത അറിഞ്ഞതുമുതൽ മമ്മൂട്ടി സജീവമായി കുടുംബത്തിനൊപ്പമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ മൃതദേഹം പൊതുദർശനത്തിന് വെച്ച തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ടൗൺഹാളിലും മമ്മൂട്ടി എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഭാര്യ സുൽഫത്തിനൊപ്പമാണ് അദ്ദേഹം ശ്രീനിവാസന്റെ കണ്ടനാട്ടെ വീട്ടിലെത്തിയത്. ഏറെ നേരം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച അദ്ദേഹം, പ്രിയ സുഹൃത്തിന്റെ വേർപാടിൽ തളർന്നിരുന്ന വിനീത് ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും ആശ്വസിപ്പിച്ചു.
മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിൽ ശ്രീനിവാസൻ വഹിച്ച പങ്ക് വളരെ വലുതാണ്. മമ്മൂട്ടിയുടെ കരിയറിലെ വഴിത്തിരിവായ ‘മേള’ എന്ന ചിത്രത്തിലേക്ക് അദ്ദേഹത്തെ സംവിധായകൻ കെ.ജി. ജോർജിന് പരിചയപ്പെടുത്തിയത് ശ്രീനിവാസനായിരുന്നു. പിന്നീട് ‘മഴയെത്തും മുൻപെ’, ‘അഴകിയ രാവണൻ’ തുടങ്ങിയ മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകൾക്ക് തൂലിക ചലിപ്പിച്ചതും ശ്രീനിവാസനാണ്.
ടൗൺഹാളിൽ വെച്ച് മോഹൻലാലിനൊപ്പം ശ്രീനിവാസന്റെ ഭൗതിക ശരീരത്തിന് അരികിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അന്ത്യത്തെയാണ് ഓർമ്മിപ്പിച്ചത്. സിനിമാ രംഗത്തെയും രാഷ്ട്രീയ സാംസ്കാരിക മേഖലയിലെയും പ്രമുഖർ പ്രിയ താരത്തിന് ആദരമർപ്പിക്കാൻ എത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.











