ഗന്ധം തിരിച്ചറിയാനുള്ള ശേഷി പോയി; തിരികെ കിട്ടിയതിനെപ്പറ്റി മമ്മൂട്ടി

ഗന്ധം തിരിച്ചറിയാനുള്ള ശേഷി കുറച്ചുനാളത്തേക്ക് തനിക്ക് നഷ്ടപ്പെട്ടിരുന്നെന്നും എന്നാൽ ഇപ്പോൾ അത് തിരിച്ചു ലഭിച്ചെന്നും വെളിപ്പെടുത്തുകയാണ് നടൻ മമ്മൂട്ടി. കാഴ്ചയും കേൾവിയും ശ്വാസമെടുക്കാനുള്ള കഴിവും കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുള്ളൂ എന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ ഉടമസ്ഥതയിൽ ഉള്ള ചാരിറ്റി സംഘടനയായ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടെ ഒരു പഴയ സംഭവവും മമ്മൂട്ടി അനുസ്മരിച്ചു. ഒരിക്കൽ ഷൂട്ടിങ്ങിനിടെ കേൾവി പരിമിതിയുള്ള ഒരാൾക്ക് താൻ ഒരു ശ്രവണ സഹായി വാങ്ങി നൽകിയിരുന്നു. എന്നാൽ ശബ്ദം എന്താണെന്ന് അതുവരെ അനുഭവിക്കാത്ത ആ വ്യക്തിക്ക് പുതിയ മാറ്റം താങ്ങാനായില്ല. കേൾവി തുടങ്ങിയതോടെ അനുഭവപ്പെട്ട ശബ്ദങ്ങളുടെ ലോകം അദ്ദേഹത്തിന് ഒരു ഭീകരാവസ്ഥ പോലെയാണ് തോന്നിയത്. അതോടെ അയാൾ അത് എറിഞ്ഞുകളഞ്ഞെന്നും പിന്നീട് ഒരിക്കലും ഉപയോഗിച്ചില്ലെന്നും മമ്മൂട്ടി പറഞ്ഞു.

മനുഷ്യനെ സംബന്ധിച്ച് കാഴ്ചയും കേൾവിയുമാണ് ഏറ്റവും പ്രധാനം. മണമില്ലെങ്കിലും ശ്വാസം എടുക്കാൻ സാധിക്കും. ഒരു ഘട്ടത്തിൽ തനിക്ക് മണം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ആ ശേഷി പതിയെ തിരിച്ചു കിട്ടിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു