കേരളത്തിന് ഫുട്ബോളിനോടുള്ള അഗാധമായ പ്രണയവും ആവേശവും പ്രമേഹമാക്കി ഒരുങ്ങുന്ന ‘പന്തടിക്കാം’ (Panthadikkam) എന്ന സ്പോർട്സ് ഡോക്യുമെന്ററി സീരീസിന്റെ വിവരങ്ങൾ പുറത്തുവിട്ടു. മെഗാസ്റ്റാർ മമ്മൂട്ടി വോയ്സ് ഓവർ നൽകുന്ന ഈ ഡോക്യുമെന്ററി പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ5-ലൂടെയാണ് (ZEE5) പ്രേക്ഷകരിലേക്ക് എത്തുന്നത്. അഞ്ച് എപ്പിസോഡുകളിലായി ഒരുങ്ങുന്ന ഈ സീരീസ് ഒക്ടോബർ 1 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.
ഇന്ത്യയിലെ ആദ്യ നാഷണൽ ആംപ്യൂട്ടി ഫുട്ബോൾ ടീമിന്റെ (National Amputee Football Team) ക്യാപ്റ്റനായിരുന്ന വൈശാഖ് എസ്.ആറിന്റെ പ്രചോദനാത്മകമായ ജീവിതയാത്രയെ മുൻനിർത്തിയാണ് ഡോക്യുമെന്ററി കഥ പറയുന്നത്. പതിമൂന്നാം വയസ്സിൽ അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടിട്ടും ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് കളിക്കളത്തിലേക്ക് തിരിച്ചെത്തുകയും രാജ്യത്തെ നയിക്കുകയും ചെയ്ത വൈശാഖിന്റെ ജീവിതം അതീവ വൈകാരികമായിട്ടാണ് ഡോക്യുമെന്ററിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം ലോകകപ്പ് കാലത്തെ കേരളത്തിലെ ഫുട്ബോൾ ഓളം, വലിയ ഫ്ലെക്സുകൾ, കട്ടൗട്ടുകൾ, ടർഫ് പ്രദർശനങ്ങൾ തുടങ്ങിയ കളിവിശേഷങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിക്സ് ലോപ്പസ് സംവിധാനവും സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ‘പന്തടിക്കാം’ നിർമ്മിച്ചിരിക്കുന്നത് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ്. ഗീതാർത്ഥ എ.ആർ രചനയും ജോ ക്രിസ്റ്റോ സേവ്യർ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു. കേരളത്തിന്റെ സ്വന്തം കായിക വികാരത്തെയും പ്രിയ നടനെയും ഒരുമിപ്പിച്ച് എത്തിക്കുന്ന ഈ സ്പോർട്സ് ഡോക്യുമെന്ററി സീരീസ് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
