
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര്‍ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരുന്നു. നടന്മാരായ ഇടവേള ബാബു, സുധീഷ്, അന്തരിച്ച നടൻ മാമുക്കോയ, സംവിധായകന്‍ ഹരികുമാര്‍ എന്നിവര്‍ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ നടി ആരോപണം ഉന്നയിച്ചിരുന്നു.
ഇത് സംബന്ധിച്ച് ഇവര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തുകയും സുധീഷിനും ഇടവേള ബാബുവിനുമെതിരെ നടക്കാവ് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനെ തുടര്‍ന്ന് നടിക്കെതിരെ മാമുക്കോയയുടെ മകന്‍ നിസാർ പരാതി നല്‍കി. മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആരോപണമുന്നയിച്ചിരിക്കുന്നത് എന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്റെ പരാതിയില്‍ പറയുന്നത്. മരിച്ചു പോയെ ആളുകളെ കുറിച്ച് അപവാദം പറയരുതെന്നും ഉപ്പ അത്തരത്തിൽ ഒന്നും പറഞ്ഞിട്ടുണ്ടാവില്ലെന്ന് പരിപൂർണ ഉറപ്പുണ്ടെന്നുമാണ് മകൻ നിസാർ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് വിവാദത്തിൽ പ്രതികരിച്ച് നൽകിയ മറുപടി.

ഒരു മകളോട് സംസാരിക്കുന്ന രീതിയിലല്ല ഉപ്പ ആ സ്ത്രീയോട് സംസാരിച്ചതെന്നാണ് അവർ പറയുന്നത്. പിന്നെ സുധീഷിനെ കുറിച്ചെല്ലാം അവർ പറഞ്ഞു. സാധാരണ ഉപ്പ ഇതിനൊന്നും പ്രതികരിക്കാറില്ല. അതുകൊണ്ടാണ് വീട്ടിൽ നിന്നും പ്രതികരിക്കേണ്ടെന്ന് പറഞ്ഞതു കൊണ്ട് താനും പ്രതികരിക്കാതെ ഇരുന്നത്. പിന്നെ അവർ നിരവധി ചാനലുകൾക്ക് ബൈറ്റുകൾ കൊടുത്തു. അവർക്ക് ഇങ്ങനെ പറയുന്നത് ഒരു ലഹരിയായി മാറിയതായാണ് തനിക്ക് തോന്നിയത്.
കാരണം അവർ പലതും പറയുന്നുണ്ട്. സിനിമ ഒരു മായാലോകമാണ്. അവിടെ ഇങ്ങനെ പലതും പറയുന്നത് കേൾക്കേണ്ടി വരും. അപ്പോൾ അതൊന്നും പറ്റാത്തവർ ഇപ്പോൾ ചെയ്യുന്നത് പോലെ പായസം വിറ്റ് ജീവിക്കുന്നത് തന്നെയാണ് നല്ലതെന്നും നിസാർ പറയുന്നു.
പിന്നെ ആ സ്ത്രീക്ക് പറ്റിയ ഒരു അബദ്ധമുണ്ട്. ആദ്യം താൻ ഇത് ഒഴിവാക്കി വിട്ടതായിരുന്നു. പിന്നീടാണ് കേസ് കൊടുത്തത്. ആ സ്ത്രീ എല്ലാം ചിരിച്ച് കളിച്ചാണ് പറയുന്നത്. വേദനിക്കുന്ന സ്ത്രീകളെ കേരളീയർക്ക് കണ്ടാൽ അറിയാം. കള്ള അപവാദം പറയുന്ന തരത്തിലുള്ള ചിരിയും കളിയുമായിരുന്നു ആ സ്ത്രീയുടെ മുഖത്ത്.
മലയാളത്തിലെ ഒരു വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആ സ്ത്രീ പറയുന്നുണ്ട് പകരം ഒരു സ്ത്രീയെ കൊണ്ടുകൊടുക്കാമെന്ന് പറഞ്ഞുവെന്ന്. ഈ സ്ത്രീക്ക് ഇതാണോ പരിപാടിയെന്നും നിസാർ ചോദിക്കുന്നു. സ്ക്രിപ്റ്റുമായി സിനിമ ചെയ്യാൻ നടക്കുന്ന ഇവർ എത്ര സംവിധായകരെ സമീപിച്ചുവെന്നത് അടക്കം പോലീസ് അന്വേഷിക്കണം. ഇവർ വേറെ ഏതേലും സ്ത്രീയെ കൂട്ടികൊടുത്തോ എന്നതൊക്കെ അന്വേഷിക്കണം. അവർ അത്തരത്തിലുള്ള സ്ത്രീയാണെന്ന് അവർ തന്നെ പറയുന്നത് പോലെയാണ് തനിക്ക് തോന്നിയത്.
എല്ലാവരും ഫോൺ വിളിച്ചും മെസേജ് അയച്ചും ഈ സംഭവത്തെ കുറിച്ച് തങ്ങളോട് ചോദിക്കുന്നുണ്ട്. അത് കാണുമ്പോൾ നമുക്ക് കൂടുതൽ വിഷമമാകും. ഉപ്പ ഈ നാട്ടിൽ വളരെ സാധാരണക്കാരനെപ്പോലെ ജീവിച്ചയാളാണ്. ആരും ഇന്നേവരെ പരാതിപ്പെട്ടിട്ടില്ല… മോശം പറഞ്ഞിട്ടില്ല. വാർത്ത കണ്ട് എല്ലാവരും ആ സ്ത്രീക്ക് എതിരെ പരാതിപ്പെടാനാണ് പറഞ്ഞത്. ആ സ്ത്രീയെ ഒരു സിനിമയിലും താൻ കണ്ടിട്ടില്ല.
മരിച്ചുപോയെ ആളുകളെ കുറിച്ച് അപവാദം പറയരുതെന്ന അഭിപ്രായക്കാരനാണ് താൻ. മാത്രമല്ല ഉപ്പ അത്തരത്തിൽ ഒന്നും പറഞ്ഞിട്ടുണ്ടാവില്ലെന്ന് തനിക്ക് പരിപൂർണ ഉറപ്പുണ്ട്. പത്ത് വർഷം മുമ്പ് കഴിഞ്ഞ കേസാണ് ഇത്. പറയാൻ ഒരു സാധ്യത വന്നപ്പോൾ ആ സ്ത്രീ പറഞ്ഞ് ആളായതാണ്. പ്രശസ്തിക്ക് വേണ്ടി പറഞ്ഞതായാണ് തോന്നിയത്. പക്ഷെ കിട്ടിയത് കുപ്രസിദ്ധിയാണ്.
ഉമ്മയ്ക്ക് അടക്കം എല്ലാവർക്കും ഈ വാർത്ത മാനസീക വിഷമമുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ കുട്ടികൾക്കൊക്കെ മാനക്കേടായി. കുടുംബത്തെ കുറിച്ച് ആ സ്ത്രീക്ക് ചിന്തിക്കാമായിരുന്നു. തങ്ങൾ കേസുമായി മുന്നോട്ട് പോകും. ആ സ്ത്രീ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാകും. സിനിമാ മേഖലയിൽ നിന്നും ചിലരൊക്കെ വിളിച്ചിരുന്നു. എല്ലാവരും തങ്ങൾക്ക് സപ്പോർട്ടാണെന്നും മാമുക്കോയയുടെ മകൻ നിസാർ പറയുന്നു.











