മണിയൻപിള്ള രാജുവിന് ജാമ്യം, കാർ ഇടിച്ച് നിർത്താതെ പോയത് ഭാര്യ തനിച്ചായതിനാൽ, മദ്യപിച്ചിട്ടില്ല ; മണിയൻ പിള്ളരാജു

നടനും നിർമാതാവുമായ മണിയൻപിള്ള ഓടിച്ച കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ വാർത്ത കഴിഞ്ഞ ദിവസം രാത്രി പുറത്തുവന്നിരുന്നു. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലായിരുന്നു സംഭവം.

ഇപ്പോൾ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം . അപകടമുണ്ടാക്കിയ മണിയൻപിള്ള രാജു ഓടിച്ച വോള്‍വോ കാര്‍ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്‍റെ കാര്‍ കണ്ടെത്തിയത്.

സംഭവത്തിൽ വിശദീകരണവുമായി നടന്‍ മണിയന്‍പിള്ള രാജു. തന്‍റെ കാറിലാണ് ബൈക്ക് വന്നിടിച്ചതെന്നും ബൈക്ക് യാത്രക്കാര്‍ അമിത വേഗതയിലായിരുന്നുവെന്നുമാണ് മണിയന്‍പിള്ള രാജുവിന്‍റെ മൊഴി. ഭാര്യ തനിച്ചായിരുന്നതിനാലാണ് നിര്‍ത്താതെ പോയത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ താന്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നും താന്‍ ചിക്കുന്‍ ഗുനിയ ബാധിതനാണെന്നും അദ്ദേഹം വിശദീകരിച്ചു.

വാഹനം ഇടിച്ചപ്പോള്‍ താന്‍ ഭയന്നുവെന്നും സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞുവെന്നും വ്യക്തമാക്കിയ താരം വാഹനമിടിച്ചിട്ടും താന്‍ നിര്‍ത്താതെ പോയത് തെറ്റുതന്നെയാണെന്നും സമ്മതിച്ചു. മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. കാൻസർ രോഗിയാണന്നും രണ്ട് വർഷമായി മദ്യപിച്ചിട്ടെന്നും താരം വ്യക്തമാക്കി.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായ പരുക്കേറ്റു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം ഉണ്ടായിട്ടും മണിയന്‍പിള്ള രാജു വണ്ടി നിര്‍ത്തിയില്ലെന്നും ഓടിച്ചു പോയെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

അപകട സ്ഥലത്ത് നിന്ന് മണിയന്‍പിള്ള രാജുവിന്‍റെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റും ലോഗോയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് താരത്തെ അന്വേഷിച്ച് പൊലീസ് വീട്ടില്‍ എത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു .

എഫ്ഐആറിൽ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിനുശേഷം അപകടമുണ്ടായ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. ഇതിനുശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.

അതേസമയം വാഹനങ്ങളോട് പ്രിയമുള്ളൊരാളാണ് മണിയൻപിള്ള രാജു. ഏകദേശം 16 വണ്ടികൾ താൻ ഉപയോഗിച്ചിട്ടുണ്ടെന്ന് മുൻപൊരു അഭിമുഖത്തിൽ നടൻ തന്നെ തുറന്നു പറഞ്ഞിരുന്നു. താൻ ഡ്രൈവിംഗ് പഠിച്ചിട്ടില്ല. സ്വയം ആയതാണ്. ഒരിക്കൽ ചെന്നൈയിൽ നിന്നും വരുന്ന സമയം. സുകുമാരൻ ചേട്ടനുണ്ട് മല്ലിക ചേച്ചിയും ഉണ്ട്.

സിഗരറ്റ് വലിക്കാൻ വേണ്ടി തന്നോട് ചേട്ടൻ സ്റ്റിയറിംഗ് പിടിക്കാൻ പറഞ്ഞു. അതിലിങ്ങിനെ പതിയെ പിടിച്ച് പിടിച്ച് ബാലൻസായി എന്നാണ് പഴയ അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞത്.