
ഡബ്ല്യൂസിസി സ്ഥാപക അംഗങ്ങളിലൊരാള്‍ മലയാള സിനിമയില്‍ ഒരു പ്രശ്നങ്ങളുമില്ല എന്ന് ഹേമാ കമ്മിറ്റിക്ക് മൊഴി നല്‍കിയത് ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ഇതോടെ ഡബ്ല്യൂസിസിയില്‍ നിന്നും അകന്നു നില്‍ക്കുന്ന മഞ്ജു വാര്യര്‍ക്കെതിരെ കടുത്ത രീതിയില്‍ സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. എന്നാല്‍ നടിക്കെതിരായ സൈബര്‍ ആക്രമണങ്ങളെയും വിമര്‍ശനങ്ങളെയും അപലപിക്കുന്നുവെന്നും അതിജീവിതക്കൊപ്പം എന്നും ഉറച്ചു നിന്നയാളാണ് മഞ്ജു വാര്യര്‍ എന്നും താരത്തിന്റെ പേര് എടുത്തു പറയാതെ ഡബ്ല്യൂസിസി വ്യക്തമാക്കിയിരുന്നു.
മഞ്ജു ഡബ്ലൂസിസിക്കൊപ്പം തന്നെയുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയും ഡബ്ല്യൂസിസി അംഗവുമായ സജിത മഠത്തില്‍. മലയാള സിനിമാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഡബ്ല്യുസിസിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. 2017 ൽ നടി ആക്രമിക്കപ്പെട്ട ശേഷമാണ് സിനിമാ രംഗത്തെ ഒരു പറ്റം സ്ത്രീകൾ ഒത്തുചേർന്ന് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചപ്പോൾ അന്ന് എതിർത്തവർ ഏറെയാണ്. പലപ്പോഴും കടുത്ത അവഹേളനങ്ങൾ അംഗങ്ങൾക്ക് നേരിടേണ്ടി വന്നു. സംഘടനയിലെ അംഗങ്ങളായ നടിമാരിൽ ഭൂരിഭാഗം പേർക്കും അവസരങ്ങൾ നഷ്ടപ്പെട്ടു. ഇത്രയൊക്കെ പ്രശ്നങ്ങൾ നേരിട്ടിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി ഡബ്ല്യുസിസി നടത്തിയ പ്രയത്നങ്ങളെ ഇന്ന് നിരവധി പേർ പ്രശംസിക്കുന്നു.
എന്നാൽ ഡബ്ല്യുസിസിക്കുള്ളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. നടി മഞ്ജു വാര്യർ സംഘടനയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും സഹകരിക്കാത്ത സാഹചര്യം വന്നു. സുരഭി ലക്ഷ്മി, വിധു വിൻസെന്റ് എന്നിവർ സംഘടന വിട്ടു. മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ നിന്നും അകന്ന് നിൽക്കുന്നത് നിരവധി തവണ ചർച്ചയായതാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എങ്ങും തൊടാതെയുള്ള മറുപടിയാണ് മഞ്ജു വാര്യർ അന്ന് നൽകിയത്.
ഇപ്പോഴിതാ മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ ഉണ്ടോയെന്ന് വ്യക്തമാക്കുകയാണ് സംഘടനയിലെ അംഗമായ നടി സജിത മഠത്തിൽ. കൂടെ ഒരുപാട് പേരുണ്ട്. പക്ഷെ ചിലപ്പോൾ ചിലർക്ക് ആക്ടീവാകാൻ പറ്റണമെന്നില്ല. ത്നിക്ക് ജീവിതത്തിലെയോ കരിയറിലെയോ പ്രശ്നങ്ങൾ കാരണം ആക്ടീവ് ആകണമെന്നില്ല എന്നും അതിനർത്ഥം താൻ അവിടെ ഇല്ലെന്നല്ല എന്നും സജിത മഠത്തിൽ വ്യക്തമാക്കുന്നു. അതിന് പകരം വേറൊരാൾ ഭയങ്കരമായി ആക്ടീവ് ആയിരിക്കും. ഇങ്ങനെയാണ് അത് പോയിക്കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യർ അവിടെയുണ്ട്. പക്ഷെ തിരക്കിനിടയിൽ അവർക്കത് പറ്റിക്കോളണമെന്നില്ല. പക്ഷെ മഞ്ജു ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി തനിക്ക് തോന്നിയിട്ടില്ല. തിരിച്ച് ഡബ്ല്യുസിസിയും തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം കൈ പിടിക്കേണ്ട സ്ഥലത്തൊക്കെ കൈ പിടിച്ചിട്ടുണ്ട്. ഒന്നിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടതെന്നും സജിത മഠത്തിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ ഇതിലെ ഒരു പരാമർശം മഞ്ജു വാര്യർക്കെതിരെയാണെന്ന വാദവും വന്നിരുന്നു. സംഘടനയിലെ സ്ഥാപക അംഗം കമ്മിറ്റിക്ക് മുന്നിൽ സത്യം പറഞ്ഞില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തന്റെ അറിവിൽ സിനിമാ രംഗത്ത് സ്ത്രീകൾക്ക് നേരെ അതിക്രമം നടന്നിട്ടില്ല. താൻ ഇതേക്കുറിച്ച് കേട്ടിട്ട് പോലും ഇല്ലെന്നാണ് ഈ നടി കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞത്. ഡബ്ല്യുസിസി അംഗങ്ങളിൽ ഈ നടിക്ക് മാത്രമാണ് തുടരെ അവസരങ്ങൾ ലഭിച്ചത്.മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ താൽപര്യമാണ് നടിയുടെ മാെഴിക്ക് പിന്നിലെന്ന് കരുതുന്നെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞു. ഈ നടി മഞ്ജു വാര്യർ ആണെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന ആക്ഷേപം.
എന്നാൽ ഡബ്ല്യുസിസി ഇത്തരം വാദങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അതേസമയം പലവിധ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഡബ്ല്യുസിസി എന്ന ഓർഗനൈസേഷൻ തന്ന ലേണിംഗും സന്തോഷവും മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ലെന്നും അഭിമുഖത്തിൽ സജിത മഠത്തിൽ പറഞ്ഞു. ഈ സിസ്റ്റത്തിനെന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കി മുന്നോട്ടു വന്നവരാണ് സംഘടനയിലുള്ള ഏറെപെരും . ഒന്നിച്ച് സംസാരിച്ചും അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്തുമൊക്കെ മുന്നോട്ടുവന്നവരാണ് എല്ലാവരും. ഒരു ഈഗോയുമില്ലാതെ സംസാരിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘമാണത്. അതാണ് ഡബ്ല്യുസിസിയ്ക്ക് ഇന്നെന്തെങ്കിലും ചെയ്യാൻ പറ്റിയതിനു കാരണമെന്നും സജിത മഠത്തിൽ കൂട്ടിച്ചേർത്തു.
എന്നാൽ ഡബ്ല്യുസിസിയുടെ ഭാഗമായതിൽ ഒരുപാട് പരിഹാസങ്ങൾ നേരിട്ടിട്ടുണ്ടെന്നും നിലനിൽപ്പിനായി ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് കരുതി കണ്ണടക്കുന്ന പ്രബുദ്ധ സിനിമാ പ്രവർത്തകർ ചുറ്റുമുണ്ടെന്നും നടി സജിത മഠത്തിൽ നേരത്തെ പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട തൊഴിലിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിൽ, സിനിമാ കൂട്ടായ്മയിൽ രോഗം ബാധിച്ചവരെ പോലെ മാറ്റി നിർത്തുന്നതിൽ എല്ലാം വേദന തോന്നിയിട്ടുണ്ട്.
വരും കാലങ്ങളിലെങ്കിലും മലയാള സിനിമയിൽ സ്ത്രീകൾക്ക് അന്തസോടെ പ്രവർത്തിക്കാൻ സാധിക്കുമെങ്കിൽ ഇതുവരെയുണ്ടായതെല്ലാം മറക്കാനാകുമെന്നും സജിത പറഞ്ഞു. മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷമുള്ള ദിവസങ്ങൾ ആഹ്ലാദത്തിൻ്റെയും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിൻ്റേതുമായിരുന്നു. ഇതിനായി പ്രയത്നിച്ച മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരോട് നന്ദിയുണ്ടെന്നും സജിത മഠത്തിൽ ഫേസ്ബുക്കിൽ കുറിചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിട്ടതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നടി.











