തരം​ഗം സൃഷ്ടിച്ച തല ചിത്രം വീണ്ടും റിലീസിന്; താരത്തിന്റെ ഏറ്റവും വലിയ ഹിറ്റ് ബി​ഗ് സ്ക്രീനിൽ കാണാം

ഗില്ലിയുടെ റി റീലീസ് തമിഴ്നാട്ടിൽ വമ്പൻ വിജയമായിരുന്നു. പുതിയ സിനിമകൾക്ക് പ്രേക്ഷകർ കാര്യമായി എത്താത്തതിനാൽ തിയറ്റർ ഉടമകൾക്ക് ആശ്വാസം പകരുന്നത് ഇപ്പോൾ റീ റിലീസുകളാണ്. മലയാളം ചിത്രങ്ങളും തമിഴിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിജയ്‍യുടെ ഗില്ലിക്ക് പിന്നാലെ തമിഴിൽ വീണ്ടുമൊരു ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. തല അജിത്തിൻറെ മങ്കാത്ത വീണ്ടും റിലീസ് ചെയ്യുകയാണ്. 2011ൽ പ്രദർശനത്തിനെത്തിയപ്പോൾ ആഗോളതലത്തിൽ 50 കോടിയും ക‌ടന്ന വമ്പൻ വിജയമായിരുന്നു മങ്കാത്ത.

സിനിമയുടെ സംവിധാനം നിർവഹിച്ചത് വെങ്കട് പ്രഭു ആണ്. ഛായാഗ്രാഹണം നിർവഹിച്ചത് ശക്തി ശരവണനും. യുവൻ ശങ്കർ രാജ സംഗീത സംവിധാകനുമായ ചിത്രത്തിൽ അർജുൻ, തൃഷ. അഞ്‍ജലി, വൈഭവ്, ആൻഡ്രിയ, അശ്വിൻ, പ്രേംജി അമരൻ, മഹത് രാഘവേന്ദ്ര, ജയപ്രകാശ്, അരവിന്ദ് ആകാശ് എന്നിവരുമുണ്ടായിരുന്നു.

അജിത്തിന്റെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ് മങ്കാത്ത. 2011ൽ ആകെ 74.25 കോടി രൂപ നേടിയിരുന്നു എന്നാണ് റിപ്പോർട്ട്. വീണ്ടും മങ്കാത്തയെത്തുമ്പോൾ വൻ പ്രതീക്ഷയിലാണ് തമിഴ് സിനിമ ലോകം. വിടാമുയർച്ചി എന്ന സിനിമയാണ് ഇനി അജിത്തിന്റേതായി റിലീസ് ചെയ്യുക.
വിടാമുയർച്ചിയിൽ അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. മഗിഴ് തിരുമേനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തുനിവ് എന്ന ചിത്രമാണ് അജിത്തിന്റേതായി ഒടുവിൽ റിലീസ് ആയത്. മണി ഹീസ്റ്റ് ടൈപ്പ് ചിത്രം തമിഴിൽ വൻ ഹിറ്റായിരുന്നു. മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യറും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അറ്റ്‌ലി ചിത്രത്തിലും സുധ കൊങ്ങര സിനിമയിലും അജിത് നായകനാകുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.