
ക്രൈം സിനിമകൾ കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന പരാതികൾ ഉയരുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിൽ നിരവധി കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ടെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്രൈം സിനിമകൾ കാണാനുള്ള അവസരങ്ങൾ ഇന്ന് വ്യാപകമാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ വി. മുരളീധരൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തെയും പ്രത്യേകമായി കുറ്റപ്പെടുത്താനല്ല താൻ ഈ വിഷയം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി, പല സിനിമകളും കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതി ജനങ്ങളിൽനിന്ന് ഉയരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
“ഇപ്പോൾ കേരളത്തിൽ തന്നെ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നുണ്ട്. ഞാൻ ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ല. പല സിനിമകളും കുട്ടികളിൽ അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതി ജനങ്ങളിൽനിന്ന് ഉയർന്നുവരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ ക്രൈം സിനിമകൾ കാണാനുള്ള അവസരങ്ങൾ ഇന്ന് ലഭ്യമാണ്. ഇത്തരം സിനിമകൾ അക്രമവാസന വർധിപ്പിക്കുകയാണ്,” മന്ത്രി പറഞ്ഞു.
കുട്ടികളിൽ അക്രമപ്രവണത വർധിക്കുന്നതും ഓൺലൈൻ ഗെയിമിങ്ങുമായി ബന്ധപ്പെട്ട് കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളുമടക്കം നിരവധി പ്രശ്നങ്ങൾ സമൂഹത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങൾ തടയുന്നതിനും കുട്ടികൾക്ക് സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായാണ് ‘സൈബർ സേഫ് കേരള’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












