വമ്പൻ കുതിപ്പ്; ‘ദൃശ്യം 3’ കളക്ഷനിൽ ഞെട്ടിക്കുന്നു

ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘ദൃശ്യം 3: ദി കൺക്ലൂഷൻ’. മോഹൻലാൽ നായകനായ മലയാളം പതിപ്പിന്റെ റിലീസിന് പിന്നാലെ നാലുമാസങ്ങൾക്ക് ശേഷമാണ് ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തിയത്. റിലീസിന് പിന്നാലെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അഭിനയത്തിലും മേക്കിങ്ങിലും പുതുമ കൊണ്ടുവരാൻ ചിത്രത്തിന് കഴിഞ്ഞെന്നും, മികച്ച രീതിയിലാണ് ക്ലൈമാക്സ് ഒരുക്കിയിരിക്കുന്നതെന്നുമാണ് പ്രേക്ഷകരുടെ പ്രതികരണം.

ആഗോള ബോക്സ് ഓഫീസിൽ ആദ്യദിനം 95.10 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിനം പിന്നിടുമ്പോൾ 177 കോടി രൂപയാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. തുടർന്നുള്ള ദിവസങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. പ്രമുഖ സിനിമാ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകിയിട്ടുണ്ട്. ‘ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ’ എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്. മികച്ച തിരക്കഥയും ട്വിസ്റ്റുകളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

മലയാളം പതിപ്പിനേക്കാൾ ഗംഭീരമായാണ് ഹിന്ദിയിൽ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, ചിത്രത്തിലെ ട്വിസ്റ്റുകൾ പ്രവചിക്കാനാകാത്തതാണെന്നും സമൂഹമാധ്യമങ്ങളിലൂടെ നിരവധി പ്രേക്ഷകർ പ്രതികരിച്ചു. ശക്തമായ പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്. ജയ്ദീപ് അഹ്ലാവത്തിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാളം ഒറിജിനലിൽ നിന്ന് കഥയിലും തിരക്കഥയിലും ചില മാറ്റങ്ങൾ വരുത്തിയാകും ഹിന്ദി പതിപ്പ് എത്തുകയെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്ക് അനുസൃതമായാണ് ചില മാറ്റങ്ങൾ വരുത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഭിഷേക് പഥക് സംവിധാനം ചെയ്ത ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ എന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണത്തിനൊപ്പം ബോക്സ് ഓഫീസിലും ചിത്രം കുതിപ്പ് തുടരുന്നതോടെ ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്.