‘എഴുത്ത് മോശമായാൽ സിനിമയുടെ കാര്യം കട്ടപ്പൊക’; എഴുത്തുകാരനും സംവിധായകന്റെ അതേ പ്രതിഫലം നൽകണമെന്ന് മിഥുൻ

സിനിമയിൽ സംവിധായകന് നൽകുന്ന അതേ പ്രതിഫലം എഴുത്തുകാരനും നൽകണമെന്ന് എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. ”സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എന്ന് പറയുന്നത് എഴുത്താണ്. എഴുത്ത് മോശമായി കഴിഞ്ഞാൽ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്. സിനിമ ആദ്യമുണ്ടാകുന്നത് ഷൂട്ടിങ് യൂണിറ്റിന് മുന്നിലല്ല. അത് എഴുത്തുകാരന്റെ മനസിലാണ്. അയാൾ അത് മനസിൽ കണ്ട് സംവിധായകന് പറഞ്ഞുകൊടുത്ത് വേറെ രീതിയിൽ കൺസീവ് ചെയ്യുമ്പോഴാണ് സിനിമയുണ്ടാവുന്നത്,” മിഥുൻ മാനുവൽ തോമസ് പറഞ്ഞു. മിഥുൻ കഥയും തിരക്കഥയും എഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ടർബോയുടെ റിലീസിനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലായിരുന്നു മിഥുൻ മാനുവൽ തോമസിന്റെ വാക്കുകൾ.

”സംവിധായകനോളം തന്നെ പ്രതിഫലം കൊടുക്കേണ്ട ഡിപ്പാർട്ട്‌മെന്റാണ് എഴുത്ത്. ഇപ്പോൾ അങ്ങനെയുള്ള രീതിയിലേക്ക് വരുന്നുണ്ട്. കണ്ടന്റാണ് പ്രധാനപ്പെട്ടത് എന്ന തരത്തിൽ കാര്യങ്ങൾ മാറുന്നുണ്ട്. സിനിമകളും സീരിസുകളും വരുന്നുണ്ട്. ഹോളിവുഡിൽ നോക്കുകയാണെങ്കിൽ അവിടെ എഴുത്തുകാരനാണ് ഏറ്റവും പ്രാധാന്യം,” മിഥുൻ കൂട്ടിച്ചേർത്തു.

അതേസമയം, മമ്മൂട്ടി നായകനായ ടർബോ 23 നാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഡ്രൈവർ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.