1.22 കോടി ചെലവ്, ലാലേട്ടന് സർക്കാർ വക പിറന്നാൾ സമ്മാനം; ഒരിക്കലും മരണമില്ലാത്ത ഒരു കഥാപാത്രത്തിന് ട്രിബ്യൂട്ട്

മലയാളി മനസിൽ ഇന്നും ഒരു നൊമ്പരമാണ് കിരീടത്തിലെ സേതുമാധവൻ. എല്ലാം നഷ്ടപ്പെട്ട നായകനായി മോഹൻലാൽ എന്ന അതുല്യപ്രതിഭ നിറഞ്ഞാടിയപ്പോൾ ഇന്നും കണ്ണീരോടെയല്ലാതെ കിരീടം കണ്ടു തീർക്കാൻ മലയാളികൾക്ക് കഴിയില്ല. ഇപ്പോൾ സേതുമാധവന്റെയും ദേവിയുടെയും പ്രണയത്തിന് സാക്ഷ്യം വഹിച്ച കിരീടം പാലം വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ്. ലാലേട്ടന് പിറന്നാൾ സമ്മാനമെന്ന നിലയിൽ ഈ പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് ടൂറിസം–പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

1.22 കോടി രൂപ മുടക്കിയാണ് കിരീടം പാലം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. സിനി ടൂറിസം പ്രൊജക്ട്–കിരീടം പാലം അറ്റ് വെള്ളായണി എന്നാണ് പദ്ധതിയുടെ പേര്. ‘ മലയാളികളുടെ മനസ്സിൽ ‘കിരീടം’ സിനിമയ്‌ക്കൊപ്പം പതിഞ്ഞതാണ് ആ പാലവും. നെൽപ്പാടങ്ങൾക്കു നടുവിലെ ചെമ്മൺ പാതയിൽ മോഹൻലാലിൻറെ സേതുമാധവനും ശ്രീനാഥും കണ്ടുമുട്ടുന്ന രംഗങ്ങൾക്കും കണ്ണീർപൂവിൻറെ കവിളിൽ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നിനും സാക്ഷ്യം വഹിച്ച ഈ പാലം മലയാളസിനിമയിലെ ഒരു നാഴികക്കല്ലിനെയാണ് അടയാളപ്പെടുത്തുന്നത്. കിരീടം പാലത്തെയും വെള്ളായണി കായലിൻറെ മനോഹാരിതയെയും ആസ്വദിക്കാൻ സാധിക്കുന്നവിധത്തിൽ സിനിമയുടെ ദൃശ്യങ്ങളും മനസ്സിലേക്കോടിയെത്തുംവിധം നടപ്പിലാക്കുന്ന പദ്ധതിയുടെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്.‘ എന്നാണ് മന്ത്രിയുടെ കുറിപ്പ്.

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടം 1989 ലാണ് പുറത്തിറങ്ങിയത് . ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. എം.ജി ശ്രീകുമാറിന് മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്കാരവും കണ്ണീർ പൂവിന്റെ എന്ന ​ഗാനം നേടിക്കൊടുത്തു.