മമ്മൂട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിൽ എന്താ തെറ്റ്? അദ്ദേഹം എന്റെ സഹോദരനാണ്, മമ്മൂട്ടി മുസ്‌ലിം സമുദായത്തോടെ മാപ്പ് പറയണമെന്ന വിമർശനങ്ങൾക്കിടയിൽ പ്രതികരണവുമായി മോഹൻലാൽ

ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി പൂജ നടത്തി. ദേവസ്വം ബോർഡിലെ ആരോ രസീത് ലീക്ക് ചെയ്തതാണ്. അതേക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്

മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ മോഹൻലാൽ ഉഷപൂജ ന‌ടത്തിയത്, ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. സഹോദര തുല്യമായ ഇവരുടെ ബന്ധത്തെ ഏവരും പ്രശംസിച്ചു.മമ്മൂട്ടിയുടെ ആരോ​ഗ്യ നില സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കവെയാണ് മോഹൻലാൽ വഴിപാട് ന‌ടത്തിയതും. എന്നാൽ കഴിഞ്ഞദിവസം മമ്മൂട്ടിക്ക് വേണ്ടി ശബരിമലയില്‍ വഴിപാട് ചെയ്തതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാധ്യമം ദിനപ്പത്രത്തിന്റെ മുന്‍ എഡിറ്ററും, ജമാ അത്തെ ഇസ്ലാമി പ്രഭാഷകനുമായ ഒ അബ്ദുല്ല. മമ്മൂട്ടിയുടെ അറിവോടെയാണ്, മോഹന്‍ലാല്‍ അത് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണം, മുസ്ലീം സമുദായത്തോട് മാപ്പ് പറയണമെന്നും ആയിരുന്നു ഒ അബ്ദുല്ല ആവശ്യപ്പെട്ടത്.

ഇതിനിടെ മമ്മൂട്ടിയുടെ ആരോഗ്യവസ്ഥയെ കുറിച്ചും വഴിപാട് നടത്തിയതിനെ കുറിച്ചും മോഹന്‍ലാല്‍ പ്രതികരിച്ചതും ചര്‍ച്ചയാവുകയാണ്.ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി പൂജ നടത്തി. ദേവസ്വം ബോർഡിലെ ആരോ രസീത് ലീക്ക് ചെയ്തതാണ്. അതേക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്. അതെല്ലാം വളരെ വ്യക്തിപരമാണ്. ഒരാൾ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് പറയുന്നത് എന്തിനാണ്. ഇച്ചാക്കക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റ്?അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണ്.

അദ്ദേഹത്തിന് ചെറിയ ഒരു ആരോഗ്യപ്രശ്നമുണ്ടായി. എല്ലാവര്‍ക്കും ഉണ്ടാകുന്നത് പോലെ സാധാരണമായതായിരുന്നു അത്. ആശങ്കപ്പെടാന്‍ ഒന്നുമില്ല.അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു.മമ്മൂട്ടിയുടെ ആരോ​ഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. അദ്ദേഹത്തിന് കുഴപ്പമില്ല. എന്തോ ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു.ഇപ്പോൾ കുഴപ്പങ്ങളില്ല അദ്ദേഹത്തിന് മോഹൻലാൽ പറഞ്ഞു. അതേസമയം മമ്മൂട്ടിക്ക് കുടലിൽ കാൻസർ ബാധിച്ചെന്നായിരുന്നു നേരത്തെ പ്രചരിച്ച വാർത്ത. എന്നാൽ നടന്റെ ടീം ഇത് നിഷേധിച്ചു. ആരോ​ഗ്യത്തിന് കുഴപ്പമില്ലെന്നായിരുന്നു ഇവർ പറഞ്ഞത്.മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്.