സത്യന്‍മാഷിന് പത്തു വര്‍ഷം കൂടി ആയുസുണ്ടായിരുന്നെങ്കില്‍ ആ മഹാഭാഗ്യവും എനിക്ക് കിട്ടിയേനെ- മോഹന്‍ലാല്‍

മലയാള സിനിമയിലെ അനശ്വര താരമാണ് സത്യന്‍ മാഷ്. അനശ്വര സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിക്കാനുള്ള ഭാഗ്യം സത്യന്‍ മാഷിന് ലഭിച്ചിട്ടുണ്ട്.
‘നീലക്കുയിലി’ലെ ശ്രീധരന്‍ മാസ്റ്റര്‍, ‘ഓടയില്‍നിന്നി’ലെ പപ്പു, ‘ചെമ്മീനി’ലെ പളനി, ‘മുടിയനായ പുത്രനി’ലെ രാജന്‍, ‘വാഴ്വേമായ’ത്തിലെ സുധീന്ദ്രന്‍, ‘യക്ഷി’യിലെ പ്രൊഫ. ശ്രീനി, ‘അശ്വമേധ’ത്തിലെ ഡോക്ടര്‍, ‘കടല്‍പ്പാല’ത്തിലെ ഡബിള്‍ റോള്‍, ‘അനുഭവങ്ങള്‍ പാളിച്ചകളി’ലെ ചെല്ലപ്പന്‍…! ഇതിലെല്ലാം സത്യന്‍ മാഷ് വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ സത്യന്‍ മാഷിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. എന്തുമാത്രം സൗഭാഗ്യങ്ങളാണ് സിനിമയും ജീവിതവും തനിക്കു നല്‍കിയത്. മലയാളത്തിലെ മാസ്റ്റേഴ്സ് ആയ മിക്ക നടന്മാര്‍ക്കുമൊപ്പം അഭിനയിച്ചു. നിമിത്തംപോലെ അത്തരം ഭാഗ്യങ്ങള്‍ തന്നെ തേടി വരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

മലയാളത്തിലെ മഹാനടന്‍മാര്‍ പലരും സ്‌ക്രീനില്‍ എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സത്യന്‍മാഷിന്റെ മകനായി അഭിനയിക്കാന്‍ മാത്രം ഭാഗ്യമുണ്ടായില്ല. മാഷിന് പത്തു വര്‍ഷം കൂടി ആയുസ് നീട്ടിക്കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ, അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുള്ള മഹാഭാഗ്യവും എനിക്ക് കിട്ടിയേനെ എന്നാണ് ലാലേട്ടന്‍ പറയുന്നു. എന്റെ അച്ഛനായി അദ്ദേഹം അഭിനയിച്ചിരുന്നെങ്കില്‍ അത് അപൂര്‍വമായ ഒരു ഭാഗ്യമാകുമായിരുന്നു എന്നു ലാലേട്ടന്‍ പറഞ്ഞു.

മദിരാശിയിലെ സ്വാമീസ് ലോഡ്ജാണ് സത്യന്‍ മാഷുള്‍പ്പെടെ മിക്ക സിനിമാ പ്രവര്‍ത്തകരുടെയും സ്ഥിരം താവളം. താനും അവിടെ തങ്ങിയിട്ടുണ്ട്. മാഷിന് അവിടെ സ്ഥിരം മുറി തന്നെയുണ്ടായിരുന്നു. മാത്രമല്ല പതിവായി ഉപയോഗിച്ചിരുന്ന ഒരു കസേരയുമുണ്ടായിരുന്നു.

ആ മുറിയില്‍ തനിക്കും താമസിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. ആ കസേരയിലും ഇരുന്നിട്ടുണ്ട്. ഒരുപക്ഷേ, അറിഞ്ഞോ അറിയാതെയോ മാഷ് എന്നെ കണ്ടിട്ടുണ്ടാവും. അനുഗ്രഹിച്ചിട്ടുണ്ടാവുമെന്നും ലാലേട്ടന്‍ പറഞ്ഞു.