
മലയാളത്തിന്റെ മോഹൻലാലിന്റെ 64-ാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകർ. ഇതിനിടെ 64 ചോദ്യങ്ങളുടെ ഒരു ക്വിസ് വിരുന്നൊരുക്കിയ മൃദുൽ എം മഹേഷ് എന്ന ക്വിസിഷ്യനാണ് സോഷ്യൽ മീഡിയയിൽ താരമാകുന്നത്. നടനവിസ്മയത്തിനൊരു വേറിട്ട പിറന്നാൾ സമ്മാനം നൽകിയിരിക്കുകയാണ് മൃദുൽ. താരത്തിന്റെ അഭിനയജീവിതത്തിലെ നിരവധി ഏടുകൾ കോർത്തിണക്കി കൊണ്ടാണ് 64 ചോദ്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
“ചങ്കിടിപ്പാണ് ലാലേട്ടൻ” ; The complete quiz on the complete actor എന്ന പേരിലാണ് മത്സരം നടത്തുന്നത്. ലാലേട്ടനെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ആസ്വദിച്ച് തന്നെ ഈ ഗെയിമിൽ പങ്കെടുക്കാം. നേരത്തെയും ഇത്തരം ക്വിസ് പരീക്ഷണങ്ങളുമായി വാർത്തകളിൽ നിറഞ്ഞ ആളാണ് മൃദുൽ.
ക്വിസ്സും പാട്ടും മെന്റലിസവും ചേർത്ത ട്രയം ഷോ അടക്കം നിരവധി പരീക്ഷണങ്ങൾ നടത്തി ശ്രദ്ധ നേടാൻ മൃദുലിന് കഴിഞ്ഞിട്ടുണ്ട്. മെയ് 21 മുതൽ 24 വരെ നീണ്ടു നിൽക്കുന്ന ലാലേട്ടൻ ക്വിസ് മത്സരം രാത്രി 9:00 മണിക്ക് Qupee Play പ്ലാറ്റ്ഫോമിലൂടെയാണ് സംഘടിപ്പിക്കുന്നത്. The complete actor കൂട്ടായ്മയും ആയുർപ്രഭവ ഗ്രൂപ്പുമാണ് മത്സരത്തിനായി കൈ കോർക്കുന്നത്.











