
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ വിമർശനങ്ങൾക്കും കേന്ദ്രമായത് ‘അമ്മ സംഘടന ആയിരുന്നു . മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു.
നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്. എന്നാൽ ഇനി അമ്മയുടെ തലപ്പത്തേക്ക് വരാൻ തന്റെ താൽപര്യക്കുറവ് മോഹൻലാൽ അറിയിച്ചതായാണ് റിപ്പോർട്ടുകൾ .
ഭരണത്തിലിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അടക്കം രാജി വെച്ച വേളയിൽ അടുത്ത തിരഞ്ഞെടുപ്പ് ഉടനെ ഉണ്ടാകുമെന്നായിരുന്നു അറിയിച്ചിരുന്നത് . എന്നാൽ അടുത്ത തിരഞ്ഞെടുപ്പ് ജൂണിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .
ഒരു വർഷത്തേക്കാണു ഇപ്പോഴുള്ള താൽക്കാലിക കമ്മിറ്റിക്കു ചുമതല വഹിക്കാനാവുക. അതിനുശേഷം അമ്മ ജനറൽ ബോഡി യോഗം ചേർന്നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.കഴിഞ്ഞ വര്ഷം 2023 ലാണ് ജനറൽ ബോഡി തിരഞ്ഞെടുപ്പ് നടന്നത് . മൂന്നു വർഷത്തിലൊരിക്കലാണ് സാധാരണയായി ജനറൽ ബോഡി കൂടി ഭാരവാഹികളെ തിരഞ്ഞെടുക്കാറ്. ഇത്തരത്തിൽ ഇക്കഴിഞ്ഞ ജൂണിൽ നടന്ന ജനറൽ ബോഡി യോഗമാണ് മോഹൻലാലിനെ പ്രസിഡന്റ് സ്ഥാനത്തു തുടരാന്‍ തീരുമാനിച്ചതും സിദ്ദിഖ് അടക്കമുള്ളവരെ തിരഞ്ഞെടുത്തതും.

2021 ഇത് മോഹൻലാൽ പ്രസിഡന്റും ഇടവേള ബാബു സെക്രട്ടറിയും ആയിരുന്നു . 25 വർഷത്തെ അമ്മയുടെ തലപ്പത്തിരുന്ന ഇടവേള ബാബു സ്വയം വിരമിക്കൽ പ്രഖ്യാപിച്ചപ്പോഴാണ് ആ സ്ഥാനത്തേക്ക് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത് . ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ‘അമ്മ യുടെ തലപ്പത്തേക്ക് വരാൻ താല്പര്യം ഇല്ലായെന്ന് മോഹൻലാൽ അറിയിച്ചിരുന്നു . എന്നാൽ ഇടവേള ബാബും മാറിയ സാഹചര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവർ എല്ലാം മാറിയാൽ സംഘടനയുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന തീരുമാനത്തിലാണ് മോഹൻലാൽ ആ തീരുമാനം മാറ്റിയത് . മത്സരമുണ്ടാകുമെങ്കില്‍ താൻ ആ പദവിയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പുതിയ ഭരണ സമിതി അധികാരമേറ്റതിന് പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതും, ഭരണ സമിതിയിലിരിക്കുന്നവർക്കും പ്രമുഖ നടന്മാർക്കും എതിരെ ആരോപണങ്ങൾ ഉണ്ടായത് . ഈ സാഹചര്യത്തിൽ ‘അമ്മ യുടെ നേതൃനിരയിൽ നിന്നുള്ളവർക്കെതിരെ വിമർശനങ്ങൾ കനത്തു .
ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് അമ്മയ്ക്ക് അനുകൂല നിലപാടുമില്ല, പ്രതികൂല നിലപാടുമില്ല എന്ന നിലപാടെടുത്ത സിദ്ദിഖിനു നേരെയും ആരോപണങ്ങൾ ഉയർന്നതോടെ അദ്ദേഹം രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറി ബാബുരാജും ആരോപണത്തിൽ അകപ്പെട്ടു. അമ്മ പ്രസിഡന്റ് എന്ന നിലയിൽ മോഹൻലാൽ പ്രതികരിക്കുന്നില്ല എന്ന വിമർശനവും ശക്തമായപ്പോഴാണ് തിരുവനന്തപുരത്തു വച്ച് അദ്ദേഹം ഇക്കാര്യത്തിൽ മനസ്സു തുറന്നത്. പക്ഷേ, മോഹൻലാലിന്റെ വിശദീകരണത്തിനു നേരെയും പിന്നീട് വിമർശനങ്ങളുയർന്നിരുന്നു.
സംഘടനയുടെ നിലനിൽപ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രൂക്ഷമായപ്പോൾ ഭാരവാഹികൾ ഒന്നടങ്കം രാജിവയ്ക്കുകയും ഭരണസമിതി പിരിച്ചുവിടുകയുമായിരുന്നു. എന്നാൽ ഇനി അമ്മയുടെ തലപ്പത്തേക്ക് ആര് എന്നുള്ള ചർച്ചകൾ നടക്കുന്നതല്ലാതെ ഒരു അറിയിപ്പും പിന്നീട് ഉണ്ടായില്ല . ഈ സാഹചര്യത്തിൽ സുരേഷ് ഗോപി മുൻകൈയെടുത്ത് കേരളം പിറവി ദിനത്തിൽ ഒരു മീറ്റിംഗ് കൂടിയിരുന്നു . ഉടൻ അമ്മയുടെ തിരിച്ചു വരവ് ഉണ്ടാകുമെന്നും സുരേഷ് ഗോപി അന്ന് അറിയിച്ചിരുന്നു . മോഹൻലാലുമായി ചർച്ച നടത്തിയെന്നും ‘അമ്മ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം അറിയിച്ചു .
എന്നാൽ ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാൽ സഹപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സഹപ്രവർത്തകരിൽനിന്നു കാര്യമായ പിന്തുണയോ സഹായമോ ലഭിച്ചില്ലെന്നതും മോഹൻലാലിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമർശനങ്ങൾ കേന്ദ്രീകരിച്ചതിലുള്ള എതിർപ്പ് മോഹൻലാൽ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അമ്മ മാത്രമല്ല, എല്ലാവരുമാണു മറുപടി പറയേണ്ടതെന്നും എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോപണങ്ങൾ കൂടി വന്നതോടെ കൂടുതൽ വിമർശനങ്ങളും നേരിടേണ്ടി വന്നത് മോഹൻലാലായിരുന്നു .











